12.5.20

പത്തുവര്‍ഷത്തിനിപ്പുറം




Photo: Quora

ഒരു ദശാബ്ദമായി ആ കലാലയത്തിന്റെ പടിയിറങ്ങിയിട്ട്... പത്തുവര്‍ഷത്തിനിപ്പുറവും ഈ ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണില്‍ നനവു പടരും. എന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ കാലമായിരുന്നു ആ തമിഴ് ഗ്രാമത്തിലെ പഠനകാലം. 

താമസിക്കുന്ന പ്രദേശത്തിനനുസരിച്ച് പരിഷ്‌കാരിയെന്നും അപരിഷ്‌കൃതരെന്നും വേര്‍തിരിക്കപ്പെടുമെന്ന് മനസിലാക്കിയത് അവിടെ വെച്ചാണ്. ഗ്രാമത്തില്‍ ജനിച്ച് നാട്ടിന്‍പുറത്തൊരു കലാലയത്തില്‍ ബിരുദമെടുത്ത എനിക്ക് ഈ അദൃശ്യമായ ലക്ഷ്മണരേഖ കണ്ട് പകച്ചുനില്‍ക്കാനേ കഴിഞ്ഞുളളൂ. പിന്നീട് പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണ് അവിടുത്തെ ഒരു അധ്യാപികയും സമാനമായ അനുഭവം പങ്കുവെച്ചത്. പുഞ്ചിരിയണിഞ്ഞ മുഖവുമായി നടക്കുന്ന അവരുടെയുളളില്‍ ഇത്തരമൊരു നീറ്റലുണ്ടെന്ന് കണ്ടാല്‍ പറയില്ല.  

ക്വാറന്റൈന്‍ എന്താണെന്ന് അന്നേ ഞാനറിഞ്ഞു. ഒറ്റമുറിയിലൊതുങ്ങിയ ലോകം. തീവണ്ടിയുടെ ചൂളംവിളിയും കാറ്റിന്റെ ഇരമ്പലും ഏകാന്തതയ്ക്ക് താളമൊരുക്കി. സൗഹൃദങ്ങള്‍ വന്നും പോയി ഇരുന്നു. കൈ ചേര്‍ത്തുപിടിച്ച് നടക്കാന്‍ ഒരു സുഹൃത്തെത്തി. വാക്കുകള്‍ക്ക് വ്യാഖ്യാനവും പകലുകള്‍ക്ക് നിറവും രാത്രികള്‍ക്ക് പ്രതീക്ഷയും നല്‍കിയ കൂട്ട്. സൗഹൃദത്തിന്റെ കാര്യത്തില്‍ നിര്‍ഭാഗ്യവതിയായ ഞാന്‍ ഈ കൂട്ടുകെട്ടില്‍ അഭിമാനിച്ചു. ചെറിയ സങ്കടങ്ങളും പരിഭവങ്ങളും തമാശകളും പറഞ്ഞ് പൊട്ടിച്ചിരിച്ചു. മഴയ്ക്കും മഞ്ഞിനുമിടയില്‍ ഒരുമിച്ചു നടന്നു. ഇരുട്ടുമ്പോള്‍ മുറികളിലേക്ക് മടങ്ങി. അധ്യയനത്തിന്റെ അവസാനനാള്‍ ഭീമന്‍ മലനിരകള്‍ക്കു താഴെയുളള ക്ലാസ് മുറിയിലിരുന്ന് യാത്ര പറഞ്ഞു രണ്ടുവഴിക്കു നടന്നു. കരയണമെന്ന് കരുതിയെങ്കിലും ചുണ്ടില്‍ ചിരി വിടര്‍ത്തി വീണ്ടും കാണാമെന്ന് പറഞ്ഞു പിരിഞ്ഞു.

ഈ സുഹൃദ് കഥയിലും ഭാഗ്യം എന്നെ തുണച്ചില്ല. തകര്‍ന്നു തരിപ്പണമായ ആ കൂട്ടുകെട്ടിനോളം അമൂല്യമായതൊന്നും അതിനു മുമ്പെയോ ശേഷമോ ലഭിച്ചില്ല. ഇനിയില്ല ആ കൂട്ട് എന്നറിഞ്ഞ നിമിഷം മുതല്‍ എഴുത്ത് അവസാനിപ്പിച്ച് വാക്കുകളോട് വിടപറയാന്‍ തുനിഞ്ഞതായിരുന്നു ഞാന്‍. പറയാതെ മനസു വായിച്ച ആ സുഹൃത്ത് എന്നോട് അവസാനമായി പറഞ്ഞതും എഴുത്ത് നിര്‍ത്തരുതെന്നാണ്. വിമര്‍ശിക്കാനും അഭിനന്ദിക്കാനും ആ സുഹൃത്തിനോളം മികച്ച ഒരാളുമില്ല. ഭൂമിയുടെ ഏതെങ്കിലും കോണിലിരുന്ന് ഇതും വായിക്കുമെന്ന് എനിക്കുറപ്പാണ്. 


വായിക്കുന്നുണ്ടെങ്കില്‍

എന്റെ പ്രിയ സുഹൃത്തേ, നമ്മള്‍ സുഹൃത്തുക്കളെന്ന നിലയില്‍ കണ്ടിട്ട് പത്തുവര്‍ഷമായി ഇന്നേക്ക്. ചിന്നിച്ചിതറിയ ആ കൂട്ടുകെട്ട് ഇനി തുന്നിച്ചേര്‍ക്കാനാകില്ലെന്നറിയാം. എങ്കിലും നന്ദി, ആയിരക്കണക്കിന് ദിവസങ്ങള്‍ കഴിഞ്ഞും ഓര്‍മയില്‍ മറവിയുടെ മാറാല കെട്ടാന്‍ വിസമ്മതിക്കുന്ന ചില നല്ല നിമിഷങ്ങള്‍ നെയ്തു തന്നതിന്....

25.1.20

മുംബൈ യാത്ര - 7

എന്തായാലും ചരിത്ര പ്രസിദ്ധമായ സി എസ് ടി സ്റ്റേഷനിൽ എത്തി. സമയം 11 ആയി. തിരക്ക് അധികമില്ല. ഞങ്ങൾ കയറിയ ട്രെയിനിലും ധാരാളം കാലി സീറ്റുകൾ ഉണ്ട്. ഓരോ സ്റ്റേഷൻ എത്താറാവുമ്പോഴും അതിന്റെ പേര് സ്‌ക്രീനിൽ എഴുതി കാണിക്കും, അനൗൺസ്‌മെന്റും ഉണ്ട്.
ട്രെയിൻ ഇറങ്ങി ഓട്ടോ പിടിച്ചു. ഫ്ലാറ്റിലെത്തി കഥകൾ പറഞ്ഞ് ഉറങ്ങാൻ കിടന്നു. അടുത്ത ദിവസം നേരത്തെ ഇറങ്ങണമെന്നു ശ്രീ ഏട്ടൻ പറഞ്ഞെങ്കിലും പതിവുപോലെ പതിനൊന്നു മണിയായി. 

മഹാരാജ് സംഗ്രഹാലയ 

ഉബർ പിടിച്ചു പ്രിൻസ് ഓഫ് വെയിൽസ്‌ മ്യൂസിയം കാണാൻ പോയി. ഛത്രപതി ശിവാജി മഹാരാജ് സംഗ്രഹാലയ എന്നാണ് ഇപ്പോഴത്തെ പേര്. ടിക്കറ്റ് കൊടുത്തു അകത്തു കയറി. ഫോണിൽ പടം എടുക്കണമെങ്കിലും ടിക്കറ്റ് എടുക്കണം. കണ്ണുകൊണ്ട് കാഴ്ചകൾ കണ്ടു മടങ്ങാം എന്ന് തീരുമാനിച്ചു. ബോംബെ എന്ന ഗ്രാമം മഹാനഗരമായതും മുംബൈ ആയതുമായ ചരിത്രം ചിത്രങ്ങളിലൂടെ കാണാം. റഫറൻസ് പുസ്തകങ്ങളും വാങ്ങാം, വായിക്കാം. രാജ്യത്തിന്റെ എല്ലാ പൗരാണികവും ആധുനികവുമായ സംഭവവികാസങ്ങൾ അവിടെ ചിത്രമായും അവശിഷ്ടങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്റ്റഫ് ചെയ്തു വെച്ച മൃഗങ്ങളുമുണ്ട്. സാംസ്കാരികം, സാഹിത്യം, മതം, പുരാണം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലെ പുരാരേഖകളും ആ മ്യൂസീയത്തിലുണ്ട്. എന്നിരുന്നാലും ബുദ്ധമതത്തെക്കുറിച്ചാണ് കൂടുതലായി അവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് മണിക്കൂറോളം ചിലവഴിച്ച ശേഷം പുറത്തിറങ്ങി. 

ദിവസങ്ങൾ കുറവും ആഗ്രഹങ്ങൾ കൂടുതലുമായാൽ ഇങ്ങനെയാണ്. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം. തൊട്ടടുത്ത് ആർട്ട് ഗാലറിയുണ്ട്. കാണാൻ കയറിയാൽ സമയം വൈകും. വിശപ്പ് വിരുന്നെത്തി. ഒരു കുഞ്ഞു ഹോട്ടലിൽ കയറി ചോറ് കഴിച്ചു. എന്തോ ഒരു കറി. ഇനി എന്ത് ഓർഡർ ചെയ്യും എന്ന് വിചാരിച്ചു ഹോട്ടലിന്റെ ചുമരിൽ എഴുതിവെച്ച മെനു നോക്കി. സാബുദാൻ വടയുണ്ട്. സാബുദാൻ എന്ന അരികൊണ്ട് ഉണ്ടാക്കിയ വടയാണ്. കൂടെ തൈരിൽ പഞ്ചസാര ഇട്ടതും. കഴിച്ചു കഴിഞ്ഞു നേരെ ക്രോഫോഡ് മാർക്കറ്റിൽ എത്തി. ഭർത്താവിന് ഷർട്ടുകളും പാന്റ്സും വാങ്ങി. ഇടയിൽ ഞാനും ഒരു ടോപ് വാങ്ങി. മുറി ഹിന്ദിയിൽ പിശകി. 200 രൂപ കുറഞ്ഞു കിട്ടി. ഒരു പഴ്സും വാങ്ങി.

സാബുദാൻ വട


ഇനി ബാക്കിയുള്ളത് ഡബിൾ ഡെക്കർ ബസ് യാത്രയാണ്. ബസ് സ്റ്റോപ്പിൽ കാത്തു നിന്ന ഞങ്ങൾക്ക് മുമ്പിലേക്ക് ഒരു ഇരുനില ബസ് വന്നു നിന്നു. കയറി മുകൾ നിലയിലെത്തി ഒരു സ്കൂൾ പയ്യന്റെ അടുത്ത് ഇരുന്നു. തൊട്ടടുത്ത സീറ്റിൽ ഭർത്താവും. പിന്നിലായി ശ്രീധരേട്ടനും.  ഇത്തിരി ഗമയോടെ ബസ് നീങ്ങി. 'ഗ്രൗണ്ട് ഫ്ലോറിൽ' തിരക്ക് കുറവാണ്. ഓരോ നിലയിലും ഓരോ കണ്ടക്ടർ ആണ്. ട്രാഫിക് സിഗ്നലും ബ്ലോക്കും യാത്ര പതുക്കെയാക്കി. എന്നാലും ആസ്വദിച്ചു ഓരോ നിമിഷവും. റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ശനിയാഴ്ചയായതിനാൽ തിരക്ക് കുറവാണ്. എന്നാലും തെരുവ് കച്ചവടക്കാരുടെ നീണ്ട നിരയാണ് കവാടം മുതൽ പ്ലാറ്റ്ഫോം വരെ. മനസ് ഇടറാതെ പ്ലാറ്ഫോമിലേക്ക് നടന്നു. നല്ല ദാഹമുണ്ട്. അഞ്ചു രൂപ കോയിൻ ഇട്ടാൽ അരലിറ്റർ വെള്ളം കിട്ടും. പറയാതെ വയ്യ, ബോംബെ കോർപറേഷന്റെ കുടിവെള്ള സർവീസ് സൂപ്പറാണ്. ശുദ്ധമായ വെള്ളം. പൈസ കൊടുത്തതിനു ശേഷം വെള്ളകുപ്പി പൈപ്പിന് താഴെ വെക്കണം. കിട്ടിയയുടൻ ആർത്തിയോടെ ഞങ്ങൾ വെള്ളം വാങ്ങി കുടിച്ചു.


ട്രെയിനിൽ കയറി ചെമ്പുർ ഇറങ്ങി. സഹപ്രവർത്തകർക്ക് മറാത്തി സ്വീറ്റ്സ് വാങ്ങാൻ കടയിൽ കയറി. രാംഗോലി മിക്‌സ്‌ചർ വാങ്ങി. പല വർണത്തിലുള്ള മിക്സ്ചറാണത്. വാങ്ങി വേഗം ഫ്ലാറ്റിലെത്തി സാധനങ്ങൾ പായ്ക്ക് ചെയ്തു.
ഏടത്തിയുടെ മകൻ അപ്പു പിസക്കു ഓർഡർ കൊടുത്തു. അവന്റെ സുഹൃത്തിന്റെ സ്ഥാപനമാണ്. വലിയ പിസ കഴിക്കാൻ എല്ലാവരും എന്നെ സഹായിച്ചു. അത് കഴിഞ്ഞു വിമാനത്താവളത്തിലേക്ക്. കയറാനുള്ള ഫ്ലൈറ്റ് വരുന്ന ഗേറ്റിന്റെ നമ്പർ 25 ആണ്. ആ സ്ഥലത്ത് കാത്തുനിൽക്കുമ്പോൾ പഴയ സൂപ്പർ താരം കരിഷ്മ കപൂർ വിമാനമിറങ്ങി നടന്നു പോകുന്നു. ഫോണിന്റെ പവർ ബട്ടൺ കേടായതിനാൽ പെട്ടന്നു ഓണാക്കി പടമെടുക്കാൻ കഴിഞ്ഞില്ല.
എന്നാലും കണ്ണുകൊണ്ട് കണ്ടല്ലോ... അധികം താമസിയാതെ ഗേറ്റ് തുറന്നു. വിമാനത്തിൽ അവസാനവരിയിൽ നിന്ന് രണ്ടാമത്തേതിലാണ് സീറ്റ്. മുംബൈ വിമാനത്താവളത്തിൽ ഓരോ മിനുട്ടിൽ ഒരു വിമാനം പറന്നു ഉയരുകയും ഇറങ്ങുകയും ചെയ്യും. വരി വരിയായി വിമാനങ്ങൾ ഊഴം കാത്തുനിന്നു. ഞങ്ങളുടേതും അനുസരണയുള്ള കുട്ടിയെപ്പോലെ അടങ്ങിനിന്നു തന്റെ സമയമായപ്പോൾ പറന്നുപൊങ്ങി. ഏറെ കൊതിച്ചൊരു യാത്ര കഴിഞ്ഞുള്ള മടക്കം. ഉടൻ വീണ്ടും കാണാമെന്നു ആ നഗരത്തോട് മന്ത്രിച്ചു, ഉറങ്ങുന്ന ഉണ്ണികുട്ടനെ നെഞ്ചോട് ചേർത്ത് ആകാശത്തെ നക്ഷത്രങ്ങളോട് കിന്നരിച്ചു അടുത്തതു തുടങ്ങാനായി ഈ യാത്ര അവസാനിപ്പിച്ചു.

മുൻ ഭാഗങ്ങൾ വായിക്കാം

26.11.19

മുംബൈ യാത്ര - 6


(മുംബാ ദേവി)

മുംബാ ദേവീക്ഷേത്രത്തിൽ ദർശനത്തിനായുള്ള ക്യുവിൽ പലതരം ആളുകളെ കണ്ടു. മഹാരാഷ്ട്രയുടെ തനത് ശൈലിയിൽ കളർഫുൾ വേഷവും വളയും മാലയും ധരിച്ചവർ. ഒക്കത്ത് ചെറിയ കുട്ടികളുമായി എത്തിയവർ. നവരാത്രികാലമായതിനാൽ നല്ല തിരക്കാണെങ്കിലും വരി വേഗം നീങ്ങുന്നുണ്ട്. ഒടുവിൽ ഞാനും ദേവിയുടെ മുമ്പിലെത്തി. വെള്ളി കിരീടമണിഞ്ഞ സ്വർണ മാലയും മൂക്കുത്തിയും ധരിച്ചു പുഷ്‌പാലംകൃതയായ മുംബ ആയി (അമ്മ). ഭൂമിദേവിയെന്ന സങ്കല്പമുള്ളതിനാൽ വായ ഇല്ല. ഹനുമാന്റെയും ഗണപതിയുടെയും അന്നപൂർണാദേവിയുടെയും പ്രതിഷ്ഠകളുണ്ട്. തൊഴുതിറങ്ങുമ്പോൾ ഒരു സന്യാസി തീർത്ഥം തന്നു. കയ്യിൽ വാങ്ങി സേവിക്കുമ്പോൾ അയാൾ പറഞ്ഞു, 'നല്ലതേ വരൂ'... ഇനി ചോദിക്കുക ദക്ഷിണയാകുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ പതുക്കെ  'ശരി രാജാവേ' എന്ന മട്ടിൽ ഒരു പുഞ്ചിരി പാസാക്കി മുങ്ങി. കുടിവെള്ളം കൊടുക്കുന്ന ഇടമുണ്ട് അമ്പലത്തിൽ. ചെറിയ സ്ഥലമായതിനാൽ വിശ്രമിക്കാനൊന്നും ഇടമില്ല.


(കൊളാബാ കോസ്‌വേ)

പതുക്കെ സാവേരി മർക്കറ്റിലൂടെ നടന്നു. സ്വർണ കച്ചവടത്തിനാണ് ഈ തെരുവ് പ്രസിദ്ധം. ഞങ്ങളുടെ ലക്ഷ്യം കോളാബ കോസ് വേ ആണ്. അവിടെ ഓരോ ഗള്ളിയും ഓരോ ഉത്പന്നങ്ങൾക്കാണ് പ്രസിദ്ധം. തുണി, അത്തർ, ചെരിപ്പ്, ബാഗ്, ഫാൻസി ആഭരണങ്ങൾ, ഈത്തപ്പഴം പോലത്തെ ഡ്രൈ ഫ്രുട്സ്... അവിടെ ഇല്ലാത്തതായി ഒന്നുമില്ല. ഞങ്ങൾക്കും, നാട്ടിലുള്ളവർക്കും ചിലതൊക്കെ വാങ്ങി.


അപ്പോഴാണ് അപ്പുവിന്റെ (അരവിന്ദ്) കാൾ. അച്ഛന്റെ അനിയന്റെ മകനാണ്. ബോംബെ ഷർട്ട്സ് എന്ന ഓൺലൈൻ വ്യാപാര കമ്പനിയുടെ സോഫ്റ്റ്‌വെയർ മേഖലയിലാണ് ജോലി. ഇന്ന് കാണാമെന്ന് പറഞ്ഞിരുന്നു. സി എസ് ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴേക്കും അങ്ങോട്ടെത്താം എന്ന് വാക്ക് കൊടുത്തു.

മുംബൈയിലെ മാതൃഭൂമി ഓഫീസ് അവിടെ അടുത്താണ്. അഞ്ചാറു കൊല്ലമായി അവരോട് ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ല പലരെയും. വഴിയിൽ വെച്ച് അപ്പുവിനെയും കൂട്ടി ഓഫീസിൽ എത്തി. കുറച്ച് നേരം വൈകി. എല്ലാവരും പോയി കഴിഞ്ഞു. ആകെ ഒരു മാത്യു ചേട്ടൻ മാത്രമുണ്ട് അവിടെ. സീനിയർ റിപ്പോർട്ടർ ആണ്. ബോംബെക്കാരായ ശ്രീധരേട്ടനും അപ്പുവും മാത്യു ചേട്ടനോട് സംസാരിച്ചു. ഞാനും ഭർത്താവും കേൾവിക്കാരായി. കഷ്ടി അരമണിക്കൂർ അവിടെ വർത്തമാനം പറഞ്ഞു. Miles to go എന്നുള്ളത് കൊണ്ട് യാത്ര പറഞ്ഞിറങ്ങി.

വിശപ്പ് തുടങ്ങി. മഴയും പൊടിയുന്നുണ്ട്. ജോലി കിട്ടിയ വകയിൽ അപ്പു ചെലവ് ചെയ്യാമെന്ന് പറഞ്ഞു. ആദ്യം കയറിയ ഹോട്ടൽ സിസ്ലേഴ്‌സ് (sizzlers) മാത്രമുള്ളതാണ്. മഴ കനത്തു. അപ്പുവിന്റെ കയ്യിൽ മാത്രമാണ് കുടയുള്ളത്. പുറത്തിറങ്ങിയപ്പോൾ ഒരു മലയാളി ഹോട്ടൽ കണ്ടു. ഓരോരുത്തരെയായി അവൻ ഹോട്ടലിൽ എത്തിച്ചു. പതിവ് നാനും പനീറും ഗോബിയും കഴിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോഴേക്കും മഴ ശമിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യ കാണാൻ തീരുമാനിച്ചു. രാത്രിയായതിനാൽ അകത്തേക്ക് പ്രവേശനമില്ല. എന്നാലും അതിനു സമീപം കടൽക്കാറ്റേറ്റ് ഇരുന്നു. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ക്യാമറയിൽ ഗേറ്റ് വേ വൃത്തിയായി പതിഞ്ഞില്ല. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഞങ്ങൾക്ക് അഭിമുഖമായി താജ് ഗ്രൂപ്പിന്റെ താജ് മഹൽ. മുംബൈ ഭീകരാക്രമണത്തിൽ തരിച്ചു പോയ സ്ഥാപനം. ശ്രീധരേട്ടൻ അവിടെയാണ് ജോലി എടുക്കുന്നത്. അവിടെ വലിയ ഒരു പോസ്റ്റിലാണെങ്കിലും അദ്ദേഹത്തിന് തൃശ്ശൂർ പെരുമ്പിളിശ്ശേരിയിലെ ഒരു സാദാ ഗ്രാമീണനായി അറിയപ്പെടാനാണ് ആഗ്രഹം.


(താജ് മഹൽ)
26/11 എന്നറിയപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അദ്ദേഹത്തിന് പരിചയമുള്ള സഹപ്രവർത്തകരുമുണ്ട്. സംഭവം നടക്കുമ്പോൾ ശ്രീ ഏട്ടൻ ബാംഗ്ലൂർ താജിലാണ്. അന്നത്തെയും പിന്നീടുണ്ടായ അനുഭവങ്ങളും ചോദിച്ചപ്പോൾ അദ്ദേഹം വാചാലനായി. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന താജിനോട് വിട പറഞ്ഞു ഉറങ്ങാത്ത നഗരത്തിലൂടെ ഞങ്ങൾ നടന്നു.

മുംബൈയിൽ പോയാൽ സബ്അർബൻ ട്രെയിനിൽ കയറാതെ പൂർണമാവില്ലെത്രെ. ഒരു ഡബിൾ ഡെക്കർ ബസിൽ കയറണമെന്ന ആഗ്രഹവും ബാക്കിയുണ്ട്. ആകെ ബാക്കിയുള്ളത് ഇനി ഒരു പകലാണ്.


(യാദൃശ്ചികമായാണെങ്കിലും ഇതു പോസ്റ്റ് ചെയ്യുന്നത് മറ്റൊരു നവംബർ 26നാണ്)

മുൻ ഭാഗങ്ങൾ വായിക്കാം