19.8.12
നിള എന്ന മലയാളി
ഓണം, വിഷു, ചക്ക, മാങ്ങ, പുട്ടും കടലയും, വള്ളം കളി, തൃശൂര്‍ പൂരം, കുട്ടനാട്... അങ്ങനെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ച ഒരുപാടു പേരുകളില്‍ ഒന്നാണ് നിള. ഇന്ന് കേരളം കണ്ണുനീരോടെ ഓര്‍ക്കുന്ന ഒരു നാമമാണെങ്കിലും ഏതൊരു കേരളീയന്റെയും നാടിനെ കുറിച്ചുള്ള ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് നിള നദി. തീര്‍ച്ചയായും അതിനെക്കുറിച്ച് ഒരു വിലാപകാവ്യം എഴുതാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഞാന്‍ പറഞ്ഞു വരുന്ന നിള വറ്റിവരണ്ടുണങ്ങിയ ആ പുഴയെ കുറിച്ചല്ല, മറിച്ച് ചുറുചുറുക്കും ഓജസ്സും ഉള്ള ഒരു പെണ്‍കുട്ടിയെ കുറിച്ചാണ്. എല്ലാ മലയാളികളെയും പോലെ അവളുടെ മാതാപിതാക്കളും ഗൃഹാതുരതയുടെ ബാക്കിപത്രമായാകണം അവള്‍ക്കു നിള എന്ന് പേരിട്ടത്. ആ പേരിന്റെ പ്രത്യേകത കൊണ്ട് തന്നെ അവര്‍ ബന്ധുക്കള്‍ക്കിടയില്‍ 'നിളയുടെ അച്ഛനും അമ്മയും' എന്ന പേരില്‍ മാത്രമാണ് അധികവും അറിയപ്പെട്ടത്.
ഹോ! ഉണ്ണിമായ, നളിനി, ലക്ഷ്മി, ജാനകി... എത്രയോ മലയാളിത്തമുള്ള പേരുകളുണ്ട്. അതുപോലെ ഏതോ ഒരു പേര് പറയാനാണോ ഇവള്‍ ഇത്രയും കഷ്ടപ്പെട്ട് ഞങ്ങളെ കൊണ്ട് വായിപ്പിച്ചത് എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. പേരിന്റെ പ്രത്യേകത വിവരിക്കലല്ല എന്റെ ഉദ്ദേശം. ഇതിലെ കഥാനായിക നിള എന്ന പേരുള്ള ഒരു പെണ്‍കുട്ടി ആണെന്ന് മാത്രം.
അമേരിക്കയില്‍ ജനിച്ചു ഹൈദരാബാദില്‍ വളരുന്ന ഒരു മലയാളി കുട്ടിക്ക് മാതൃഭാഷ എത്ര അറിവുണ്ടാകും? ചിലപ്പോള്‍ നന്നായി മലയാളം പറയുമായിരിക്കും, ഏറി വന്നാല്‍ അക്ഷരമാലയും പഠിച്ചു കാണും. ഇതൊക്കെയാകാം നിളയെ കാണുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കുക. അവളോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കും: "ഓ! കുട്ടി നന്നായി മലയാളം പറയുന്നുണ്ടല്ലോ..."! എന്നാല്‍ നിങ്ങള്‍ അറിയണം അവളുടെയും മാതാപിതാക്കളുടെയും കഠിനാദ്ധ്വാനത്തെക്കുറിച്ച്!
ഹൈദരാബാദിലെ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജിലെ ഡീന്‍ (മേധാവി) ആയ നിളയുടെ അച്ഛന് മകള്‍ മലയാളം പഠിക്കണം എന്ന് നിര്‍ബന്ധം ആയിരുന്നു. സാധാരണ പുറം നാട്ടില്‍ താമസിക്കുന്ന മലയാളികളുടെ പോലെ "എനിക്ക് കുരച്ചു കുരച്ചു മലയാലം അരിയാം" എന്ന് മകള്‍ പറയരുത് എന്ന ആഗ്രഹത്തില്‍ അവളെ ശുദ്ധമലയാളം പറയാനും അത് കഴിഞ്ഞു എഴുതാനും വായിക്കാനും പഠിപ്പിച്ചു. 'തറ, പറ' തുടങ്ങിയ വാക്കുകളില്‍ അവളുടെ മലയാളപഠനം അവസാനിച്ചില്ല. എംടിയുടെയും ബഷീറിന്റെയും കഥകള്‍ അവള്‍ക്കു സുപരിചിതമാണ്.
കേരളത്തില്‍ മറുനാടന്‍ മലയാളി എന്ന നിലയില്‍ അവഹേളനം ഒരിക്കലും നിളക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല അവളുടെ ഭാഷജ്ഞാനം കണ്ടു ആ പ്രായത്തിലുള്ള കുട്ടികള്‍ അത്ഭുതപ്പെട്ടിട്ടും ഉണ്ട്. ആ കുട്ടിയോട് സംസാരിച്ചപ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പതിനാലു വര്‍ഷം മലയാളം പഠിച്ച എന്നേക്കാള്‍ അവള്‍ക്കു ഭാഷയില്‍ വിവരവും താല്‍പര്യവും ഉണ്ട്.
തന്‍റെ മക്കള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നു അഭിമാനിക്കുന്ന കേരളത്തില്‍ താമസിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും നിളയുടെ അച്ഛനമ്മമാരെ കണ്ടു പഠിക്കേണ്ടതുണ്ട്. കേരളത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ഒരാള്‍ മലയാളി ആകുന്നില്ല. എന്റെ ഭാഷ മലയാളം ആണെന്നും അത് സങ്കോചം കൂടാതെ പറയാന്‍ കഴിയും എന്നും അഭിമാനത്തോടെ പറയാന്‍ കഴിയുന്നവരെയാണ് മലയാളി എന്ന് വിളിക്കേണ്ടത്. ഇതിനര്‍ത്ഥം വേറെ ഭാഷ പഠിക്കേണ്ട എന്നല്ല. ഒരുപാടു ഭാഷ പഠിക്കുമ്പോഴും സ്വന്തം വേരുകളെയും നാടിനെയും കുറിച്ച് ബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. ആ നിലയ്ക്ക് നമ്മെക്കാള്‍ ശുദ്ധിയോടെ ഭാഷയെ മനസിലാക്കിയ അവളെയാണ് മലയാളി എന്ന് വിളിക്കേണ്ടത്.
Subscribe to:
Post Comments (Atom)
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍...
ReplyDeleteനല്ല സന്ദേശം
ഈ പ്രോത്സാഹനത്തിനു നന്ദി
Deleteആശംസകള്‍ ,
ReplyDeleteനന്ദി കുമ്മാട്ടി
Deleteമലയാളത്തെ മാറോടുചേര്‍ത്തു മയങ്ങാന്‍ മലയാളിയെ മോഹിപ്പിക്കുന്ന മാന്ത്രിക മന്ത്രോച്ചാരണങ്ങളാണീയക്ഷരങ്ങള്‍ ...! മലയാളിത്തമുള്ള മംഗളങ്ങള്‍ മറയില്ലാതെ മൊഴിയുന്നു ....!!
ReplyDeleteനന്ദി ഷനീബ് മൂഴിക്കല്‍...എന്‍റെ ഭാഷയെ കുറിച്ച് ഞാന്‍ നല്ലതേ എന്നും പറയു
Deleteഭാഷയാണ് സംസ്ക്കാരം...
ReplyDeleteഅതെ അതെ...
Deleteഎവിടെയെക്കെയോ ക്ലിക്കി ക്ലിക്കി ഞാന്‍ ഇവിടെ എത്തി. പറയാന്‍ ബാക്കി വച്ചത് ചിലത് വായിച്ചു. ഇനി എന്തെങ്കിലും ബാക്കി ഉണ്ടെങ്കില്‍ ഇനിയും വരാം വായിക്കാന്‍. മലയാളിത്തമുള്ള എഴുത്ത് വായിച്ചപ്പോള്‍ സന്തോഷം.
ReplyDeleteസ്നേഹം..
മനു
നന്ദി മനു... വീണ്ടും വരിക
Deleteരക്തബന്ധംപോലെയാണ് ഭാഷ......!
ReplyDeleteഅമ്മയെ പോലെ..!
Deleteനന്നായിരിക്കുന്നു രൂപ.
ReplyDeleteഇങ്ങിനെയൊക്കെ എല്ലാവരും ചിന്തിച്ചെങ്കില്‍ മാത്രമേ
അമ്മ മലയാളം മരിക്കാതിരിക്കൂ.
അല്ലെങ്കില്‍ കുരച്ചു കുരച്ചു വിഷമയമാക്കും :)
തീര്‍ച്ചയായും ഇങ്ങനെ ഒരു സമൂഹം മലയാളികള്‍ക്കിടയില്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. താങ്കളുടെ ഈ ഓര്‍മപ്പെദുത്തലിനു നന്ദി
Delete"“നിള” എന്ന പേരില്‍ തന്നെയുണ്ടല്ലോ മലയാളിത്തം. മലയാളം പറഞ്ഞാല്‍ വില കുറഞ്ഞു പോകുമെന്ന് കരുതുന്ന പുതിയ തലമുറ ഈ കുട്ടിയെ കണ്ടു പഠിക്കട്ടെ
ReplyDeleteഈ വരവിനും ഈ വാക്കുകള്‍ക്കും നന്ദി
Deleteഅതെ നിള മലയാളിയാണ്.. അതിലഭിമാനം കൊള്ളുന്നവൾ...
ReplyDeleteതീര്‍ച്ചയായും ഒരു മലയാളി തന്നെ...!
Deleteസ്വന്തം ഭാഷയെ ഇത്രയേറെ അവജ്ഞയോടെ കാണുന്ന ഒരു ജനവിഭാഗം ഈ ഭൂമിമലയാളത്തില്‍ നമ്മള്‍ മാത്രമേ കാണൂ. എന്റെ കുട്ടിയ്ക്ക് മല്യാളം അറിയില്ല എന്നുനാഭിമാനത്തോടെ പറയുന്ന സകല കൂതറകളെയും നമുക്കിടയില്‍ നിന്നും അകറ്റിനിര്‍ത്തണം. നിളയ്ക്കും അവളുടെ അച്ഛനമ്മമാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍..
ReplyDeleteലോകത്ത് തമിഴ് സംസാരിക്കുന്നവരെല്ലാം തമിഴനു സഹോദരനാണ്. നമ്മുടെ അയല്‍ക്കാരുടെ പകുതി ആവേശം പോലും നമുക്കില്ലല്ലോ എന്നത് തീര്‍ത്തും സങ്കടകരമാണ്!
Delete'ഫാഷ' എന്നത് മാറ്റി 'ഭാഷ' എന്ന് പറയാന്‍ എങ്കിലും പറ്റിയാല്‍ രക്ഷപെട്ടു.....
ReplyDeleteആശംസകള്‍..... നന്നായിരിക്കുന്നു... :)
തീര്‍ച്ചയായും...
Deleteഇത് ഞങ്ങള്‍ക്ക് ഒക്കെ വളരെ സന്തോഷം തരുന്ന ഒരു സന്ദേശം തന്നെ...നിളയുടെ മലയാളം വായന കുറച്ചു നാളായി നടക്കാതെ പോകുന്ന ഒന്നാണ്. പത്താം ക്ലാസ്സ് തിരക്കുകളും മറ്റുമായി...ഇത് വായിച്ചാല്‍ തിരിച്ചു അതിലേക്കു പോകാനുള്ള ഒരു പ്രേരണ കിട്ടുമായിരിക്കും...നന്ദി രൂപ!
ReplyDeleteനിങ്ങള്‍ ചെയ്യുന്ന കാര്യം എത്ര മഹത്തരമാണെന്നു നിങ്ങള്‍ അറിയുന്നില്ല. ഇന്ന് നിങ്ങളെ പോലെ ഉള്ള അച്ഛനമ്മമാര്‍ വിരളമാണ്. നിങ്ങള്‍ ചെയ്ത ഈ വലിയ കാര്യത്തെ ഞാന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു എന്നെ ഉള്ളു!
Deleteരൂപെടുത്തി! ഞാന്‍ ഇവിടെ സ്ഥബ്ധയായിരിക്കുകയാണ്! എന്നെ പറ്റി ഇതുവരെ ആരും അവരുടെ ബ്ലോഗുഗളില്‍ ഒന്നും എഴുതിയിട്ടില്ല! :')
ReplyDeleteഇത് വായിച്ചിട്ട് ഞാന്‍ ഇപ്പോള്‍ വായിക്കുന്നതില്‍ കൂടുതല്‍ മലയാളം വായിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു!! ഏതായാലും അച്ഛന്‍ ഇനി എന്നെ ഒരിക്കലും വിടാന്‍ പോകുന്നില്ലല്ലോ! :)
ഇതെഴുതാന്‍ രൂപെടുത്തിയെ എന്താണ് പ്രേരിപ്പിച്ചത്? പെട്ടന്നെങ്ങനെ തോന്നി?
ഈ ബ്ലോഗ് എന്‍ട്രി സേവ് ചെയ്തിട്ട് ഞാന്‍ സൂക്ഷിച്ചു വെക്കുവാന്‍ പോകുകയാണ്! രൂപെടുതിയോടു വളരെ നന്ദി!
കാരണം, തോന്നല്‍... ഇതിനൊന്നും എനിക്ക് പ്രത്യേകിച്ച് ഉത്തരം ഇല്ല. ബ്ലോഗില്‍ പുതിയതായി എന്ത് എഴുതണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് നിള എന്ന പേര് മനസ്സില്‍ വന്നത്. തീര്‍ച്ചയായും ഇന്ന് കേരളത്തില്‍ താമസിക്കുന്ന കുട്ടികള്‍ പോലും മടിക്കുന്ന ഒരു കാര്യമാണ് അച്ഛന്റെ നിര്‍ബന്ധത്തിനാണെങ്കില്‍ പോലും നിള ചെയ്തു തുടങ്ങിയത്. എന്റെ മാത്രമല്ല ഈ ഭാഷയെ സ്നേഹിക്കുന്ന ഒരുപാടു സ്നേഹിതരുടെ പിന്തുണ നിളയ്ക്കും കുടുംബത്തിനും ഉണ്ട്. അഭിനന്ദനങ്ങള്‍!
Deleteമുലപ്പാലിനോടൊപ്പം നുകര്‍ന്ന മാതൃഭാഷക്ക് ആ പരിശുദ്ധിയും ഉണ്ട്. ടെലിവിഷന്‍ വ്യാപകമായതോടെ മലയാളം പറ്റെ അന്യം നിന്ന് പോകുന്നില്ല എന്ന ഗുണമുണ്ട്. മറ്റൊരു സംസ്ഥാനത് തലമുറകളായി താമസിക്കുന്ന എന്‍റെ ബന്ധുക്കളിലെ പുതിയ തലമുറ കഴിഞ്ഞ തലമുറയെക്കാള്‍ നന്നായി മലയാളം പറയുന്നു. ഒറ്റയടിക്ക് വായിച്ചു, ശൈലി തന്നെ കാരണം
ReplyDeleteനന്ദി ആരിഫ്...
Delete:)
ReplyDeleteഓ, "സ്തബ്ധയായി" എന്നാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്...ഇത് ടൈപ്പ് ചെയ്ത സൈറ്റില്‍ "സ്ഥബ്ധയായി" എന്നേ വരുന്നുണ്ടായിരുന്നുള്ളൂ. :P ഇപ്പോഴേ ഈ സൈറ്റ് കണ്ടുപിടിച്ചുള്ളൂ! സോറി!
ഇംഗ്ലീഷ് കീ ബോര്‍ഡില്‍ മലയാളം അക്ഷരത്തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് കുട്ടി
Deleteനിളയെപ്പറ്റിയും ഞങ്ങളുടെ ശ്രമത്തെപ്പറ്റിയും എഴുതിയതിനു നന്ദി! മറ്റുള്ളവർ പ്രകടിപ്പിച്ച വികാരങ്ങൾക്കും നന്ദി!
ReplyDeleteനമ്മളും നമ്മുടെ നാടും ബൗദ്ധിക അടിമത്തമുപേക്ഷിച്ചു സ്വന്തം കാലിന്റെ ബലം അംഗീകരിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു എന്നു വിശ്വസിക്കുന്നവനാണു ഞാൻ! ഇന്നല്ലെങ്കിൽ നാളെ അതുസംഭവിക്കും, തീർച്ച. അന്നു് മുറിമലയാളമോ പൊട്ടത്തമിഴോ മതിയാകാതെ വരും. നല്ല ഹിന്ദിക്കും ശുദ്ധമലയാളത്തിനും വിലയുണ്ടാവുകയും ചെയ്യും. നമ്മുടെ അടുത്ത തലമുറയ്ക്കു് അന്നും ജീവിക്കണ്ടേ?
ഭാഷ സംസ്കാരമാണു് എന്ന തിരിച്ചറിവിനൊപ്പം, ഭാഷ ജീവനമാവാം എന്ന പ്രായോഗികതയും നമ്മൾ മനസ്സിലാക്കിയാൽ നന്നായിരിയ്ക്കും.
ഈ വിഷയം ചർച്ചയ്ക്കെടുത്തതിനു വീണ്ടും നന്ദി!
ആശ അമ്മായിയോട് പറഞ്ഞത് തന്നെ എനിക്ക് അമ്മാവനോടും പറയാനുള്ളൂ: "നിങ്ങള്‍ ചെയ്യുന്ന കാര്യം എത്ര മഹത്തരമാണെന്നു നിങ്ങള്‍ അറിയുന്നില്ല. ഇന്ന് നിങ്ങളെ പോലെ ഉള്ള അച്ഛനമ്മമാര്‍ വിരളമാണ്. നിങ്ങള്‍ ചെയ്ത ഈ വലിയ കാര്യത്തെ ഞാന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു എന്നെ ഉള്ളു!"
Deleteപ്രിയപ്പെട്ട കൂട്ടുകാരി,
ReplyDeleteനിളയെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി !മകളെ മലയാളം പഠിപ്പിച്ച നിളയുടെ അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങള്‍ !
അമ്മ എപ്പോഴും പറയും,''മലയാളം അറിയില്ലെങ്കില്‍ നിരക്ഷരയാണ് ''എന്ന് !
സത്യം !
ഹൃദ്യമായ ഓണം ആശംസകള്‍ !
സസ്നേഹം,
അനു
നന്ദി അനു
Deleteമലയാള ഭാഷയെ സ്നേഹിയ്ക്കുവോര്‍ക്കൊരു
ReplyDeleteമധുരോപഹാരമാമീയെഴുത്താല്‍
നിളയും നിളാനദി യൊഴുകുന്ന നാടുമി
ന്നഭിമാന പൂരിതമായിടുന്നു
നന്ദി ഈ വാക്കുകള്‍ക്ക്...
Deleteനിളയെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.
ReplyDeleteഇവിടെ വന്നതിനും നന്ദി
Deleteമലയാളം മറക്കാത്ത നിളക്കും, പരിചയപ്പെടുത്തിയ പോസ്റ്റിനും ആശംസകള്‍..
ReplyDeleteഈ വാക്കുകള്‍ക്കും നന്ദി :)
Delete"ഏന്നുടെ ഭാഷ എന്‍ തറവാട്ടമ്മ
ReplyDeleteഅന്യായം ഭാഷ വിരുന്നു കാരി"
ആശംസകള്‍
നന്ദി ബഷീര്‍ ജീലാനി
Deleteഎന്റെ മകള്‍ക്ക് മലയാളം അറിയില്ല എന്നു പറയുന്നത് അഭിമാനമാണെന്നു കരുതുന്ന മാതാപിതാക്കള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് നിളയും അവളുടെ മാതാപിതാക്കളും മലയാളത്തിന്റെ അഭിമാനമാണ്. ആശംസകള്‍. ഞാനിവിടെ ആദ്യമാണ്. കൂടെക്കൂടുന്നു.
ReplyDeleteസ്വാഗതം എന്റെ ലോകത്തേക്ക്...
Delete