ചുറ്റും മഴത്തുള്ളികള്‍ കൊണ്ട് നാദവിസ്മയം
തീര്‍ത്തു ഭൂമി ദേവി ആനന്ദിക്കുന്നു. ചിലയിടങ്ങളില്‍ ഉന്മത്തയായി ജീവനുകളെ
അപഹരിച്ചു ആര്‍ത്തട്ടഹസിക്കുന്നു. എന്‍റെ ഗ്രാമവും മഴയുടെ ആലസ്യത്തിലാണ്. നിറഞ്ഞു
കവിഞ്ഞൊഴുകുന്ന തറവാട്ടിലെ കുളത്തിലേക്ക് ചെറിയ അനിയന്‍ എടുത്തു ചാടുന്ന ശബ്ദം
എന്റെ ചിന്തകളെ വീണ്ടുമുണര്‍ത്തി.
കഴിഞ്ഞ വര്‍ഷക്കാലത്ത് ഞാന്‍ തുടങ്ങിയ ഒരു
ബ്ലോഗ് നിശബ്ദയായി ബൂലോകത്ത് കഴിയുന്നു എന്ന ചിന്തയെന്നില്‍ കുറ്റബോധമുണ്ടാക്കി.
ഒരു പിടി ചരലുകള്‍ വാരിയെറിഞ്ഞു വീണ്ടും ഓളങ്ങളുണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചു.
എന്തുകൊണ്ടെഴുതിയില്ല എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. എല്ലാവിധ
സംവിധാനങ്ങളുണ്ടാകുമ്പോഴും എഴുത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എന്നെ
പ്രേരിപ്പിച്ചത് എന്താണെന്നും അറിയില്ല.
മഴയും പച്ചപ്പും വയലും കാവും കുളവും
പിന്നെ ഒരു പിടി ഭ്രാന്തമായ സ്വപ്നങ്ങളും... ഇതാണോ ഞാന്‍? കിനാവുകള്‍ക്ക് പിന്നാലെ
പോയി കണ്ണുനീരില്‍ കുതിരുന്ന മനസ്സുമായി തിരിച്ചു സ്വബോധത്തിലേക്ക് എത്തി ഒരു
ചെറുപുഞ്ചിരിയോടെ എല്ലാം മായ്ച്ചു കളയാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരു
കല്ലെറിയുമ്പോള്‍ അതിനു ഒരു ലക്ഷ്യമുണ്ടാകും. പക്ഷെ മണല്‍തരികള്‍ക്ക് എവിടെ ചെന്നു
വീഴുമെന്നു കൃത്യമായ ഒരു ധാരണയുമുണ്ടാകില്ല. അത് പോലെ ഞാന്‍ ഈ എഴുതുന്നതിനും ഒരു
തുടക്കവും ഒടുക്കവുമില്ല. വായിച്ചു സമയം കളയണ്ട എന്നോരുപദേശം ഞാന്‍ തന്നെ തരുന്നു.
പക്ഷെ നിങ്ങള്‍ എന്നെ സ്നേഹിക്കുന്നവരായതു കൊണ്ട് ഇതിലൂടെ കണ്ണോടിക്കുമെന്നുമറിയാം!
ശബ്ദങ്ങളെക്കാള്‍ ഞാന്‍ വാക്കുകളെ
ഇഷ്ടപ്പെടുന്നു. ഞാന്‍ സംസാരിക്കുന്ന ഭാഷയില്‍ അര്‍ഥങ്ങള്‍ അപൂര്‍ണ്ണമായേക്കാം. എന്‍റെ
എഴുത്തില്‍ ഞാന്‍ കഴിവതും മുഴുവന്‍ ആശയവും പങ്കു വെക്കാറുണ്ട്, വാക്കുകള്‍ക്കിടയിലൂടെങ്കിലും!
ഈയിടെയായി ഗ്രാമങ്ങളോട് വല്ലാത്ത ഗൃഹാതുരത തോന്നി തുടങ്ങിയിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് പട്ടണങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ ശാലീനതയും ഊഷ്മളതയും
അപ്രത്യക്ഷമാകുന്നതിലെ വേദന കൊണ്ടാകാം!
പണ്ടൊക്കെ നഗരങ്ങള്‍ എനിക്ക്
വിസ്മയമായിരുന്നു. പരിഷ്കാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ അത്ഭുതതോടെ
നോക്കി നിന്നിട്ടുണ്ട്. ഇന്ന് അതെല്ലാം വെറും പുറംമോടികള്‍ മാത്രമാണെന്ന്
മനസിലാകുമ്പോഴേക്കും പറിച്ചു മാറ്റാന്‍ കഴിയാത്ത വിധം മുഖം മൂടികള്‍ മുഖത്ത്
ഒട്ടിചേര്‍ന്നിരിക്കുന്നു. ചക്ക ഉപ്പേരിയും മാങ്ങ കൂട്ടാനും കൈപ്പയ്ക്ക
കൊണ്ടാട്ടവും കൂട്ടി ഊണു കഴിക്കുന്നതിനു പകരം ബര്‍ഗര്‍ വേണം. ഇറച്ചി തിന്നാത്തത്
കൊണ്ട് അതിലെ വകഭേദങ്ങള്‍ എഴുതാന്‍ അറിയില്ല.
ഞാന്‍ അടങ്ങുന്ന മാധ്യമസമൂഹം ഉണ്ടാക്കി
വച്ച ‘അച്ചടി ഭാഷ’ കേരളത്തിലെ നാട്ടിന്‍പുറത്തെ ശൈലി പ്രയോഗങ്ങളെ
ഇല്ലാതാക്കിയിരിക്കുന്നു. ചില നാട്ടിലെ മലയാളം ശ്രേഷ്ഠമെന്നും മറ്റു ചിലത്
പരിഹാസ്യമെന്നും മുദ്ര കുത്തിയിരിക്കുന്നു. എല്ലാ നാട്ടിലെയും നല്ല പദങ്ങള്‍
ഉപയോഗിച്ച് സംസാരിച്ചു പഠിച്ച എനിക്ക് പണ്ടൊരിക്കല്‍ ഈ കഴിവിനെ കുറിച്ചു അഭിമാനം
തോന്നിയിരുന്നു. ഇന്നാണെങ്കില്‍ സിനിമയിലടക്കം തമാശയ്ക്കും കോമാളിത്തരത്തിനും
ഉദാഹരണമായി പറയുന്ന മലപ്പുറം ഭാഷയാണ് എന്‍റെതെന്നു പറയാന്‍ ഞാന്‍
ലജ്ജിക്കുന്നില്ല. പക്ഷെ എനിക്ക് നാണക്കേട് തോന്നുന്നത് ആ ശൈലിയില്‍ എനിക്ക്
സംസാരിക്കാന്‍ അറിയില്ല എന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോഴാണ്. എന്തുത്തായാലും
ഞമ്മള് മലപ്പുറംക്കാരി അല്ലേ ചങ്ങായി!
പറയാതെ ഇത്രനാള്‍ ബാക്കി വച്ചത് ഇതൊക്കെയായിരുന്നു ഇല്ലേ?
ReplyDeleteഇനി പൂര്‍ണ്ണമായി പറയൂ...!!
ചക്ക ഉപ്പേരിക്കും മാങ്ങ കൂട്ടാനും കൈപ്പയ്ക്ക കൊണ്ടാട്ടത്തിനും പകരമാവില്ലല്ലോ 'ബര്‍ഗര്‍' ചങ്ങായീ...
ReplyDeleteപറയൂ .. പറയൂ
ReplyDeleteഅമ്മയെ മറക്കുന്ന നാട്ടില്‍ ഭാഷയെ മറക്കുന്ന ആളുകള്‍.,തെറ്റ് കാണാന്‍ ആവില്ല.
ReplyDeleteതീർച്ചയായും
Deleteഞാന്‍ അടങ്ങുന്ന മാധ്യമസമൂഹം ഉണ്ടാക്കി വച്ച ‘അച്ചടി ഭാഷ’ കേരളത്തിലെ നാട്ടിന്‍പുറത്തെ ശൈലി പ്രയോഗങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു. ചില നാട്ടിലെ മലയാളം ശ്രേഷ്ഠമെന്നും മറ്റു ചിലത് പരിഹാസ്യമെന്നും മുദ്ര കുത്തിയിരിക്കുന്നു.
ReplyDeleteഞാൻ പലപ്പോഴും പലരോടും ഇതേ കാര്യം പറയുമ്പോ അവർക്കെല്ലാം എന്നെ പുച്ചിച്ചു തള്ളാൻ എന്തൊരു ആവേശമായിരുന്നെന്നോ ...!!
ഞാൻ അന്നും ഇന്നും അവരോട് പറയും : ഇഛത് കജ്ജും ചെജ്ജും ഞാനത് ചെജ്ജും ചെജ്ജും ..!!!
ഹഹഹ...നന്ദി സുഹൃത്തേ
Delete?
ReplyDeleteകൊള്ളാം
ReplyDeleteമഴ മഴ മഴ മഴ മഴ
ReplyDeleteചിന്നി പിന്നി തെന്നിയാ മഴ
തുടക്കവും ഒടുക്കവുമില്ലാതെ .....
ReplyDeleteഅഭിപ്രായത്തിനു നന്ദി കൂട്ടുകാരി
Delete