10.1.15

അനൂപേട്ടന്റെ കഥകള്‍




ഏതു ബന്ധത്തിലും ഒരു അവിഹിതം, ഏതിടപാടിലും ഒരു അഴിമതി എന്നിങ്ങനെ എന്തിനു പിന്നിലും ഒരു വാര്‍ത്ത കണ്ടെത്താനുളള പത്രപ്രവര്‍ത്തകന്റെ ദുഷിച്ച ബുദ്ധി - ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കെ.വി. അനൂപിന്റെ കഥകള്‍, മാതൃഭൂമി ബുക്‌സ്‌, 190 രൂപ, 248 പേജ്‌

കോഴിക്കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡിനടുത്തുളള മാതൃഭൂമി ബുക്‌സിലേക്കു കയറുമ്പോള്‍ മനസ്സില്‍ രണ്ടു പുസ്‌തകങ്ങളുടെ പേരേ ഉണ്ടായിരുന്നുളളൂ. സുഭാഷേട്ടന്റെ മനുഷ്യന്‌ ഒരു ആമുഖം പിന്നെ അനൂപേട്ടന്റെ സമ്പൂര്‍ണ്ണസമാഹാരം. അനൂപേട്ടന്റെ ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമുളള പുസ്‌തകം ആദ്യം തന്നെ കണ്ണില്‍ പെട്ടു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ ശേഷം സുഭാഷ്‌ ചന്ദ്രന്റെ നോവല്‍ എവിടെയും കിട്ടാനില്ല. ബുക്‌സില്‍ ചുറ്റി നടന്നു. ഭ്രമിപ്പിക്കുന്ന ലോകം. മോഹന്‍ലാലിന്റെ യാത്രാവിവരണമൊക്കെ കൈയെത്തും ദൂരത്തു അടുക്കി വച്ചിട്ടുണ്ട്‌. രണ്ടായിരം രൂപ കൊടുക്കാന്‍ ഇപ്പോള്‍ ശേഷിയില്ലാത്തതിനാല്‍ കെ.വി. അനൂപിന്റെ കഥകള്‍ വാങ്ങി വീട്ടിലേക്കു മടങ്ങി.

എത്തിയപ്പോള്‍ തന്നെ പുസ്‌തകം വായിക്കാനെടുത്തു. മുഖചിത്രം നോക്കാന്‍ തോന്നുന്നില്ല. അത്രയ്‌ക്കു ജീവനുളള ഫോട്ടോ. കണ്ണുകളിലെ തിളക്കവും മുഖത്തെ ചുളിവുകളും നേരിയ നര ബാധിച്ച മുടിയും താടിയും. അടുത്ത ദിവസം തന്നെ മറ്റൊരാള്‍ക്ക്‌ എത്തിക്കാനായി വാങ്ങിയതാണ്‌. പക്ഷെ മറച്ചു നോക്കാതെ കൊടുക്കാനായില്ല. ഉച്ചയ്‌ക്കു തുടങ്ങിയ വായന ഇടയ്‌ക്കു ഓഫീസിലെത്തിയപ്പോള്‍ നിര്‍ത്തിയെങ്കിലും മടങ്ങി വന്നു രാത്രി ഒരു മണിയോടെ അവസാനിപ്പിച്ചു. 248 പേജ്‌ വായിക്കാനായി എന്നത്‌ ഇപ്പോഴത്തെ സ്ഥിതിയില്‍ എന്റെ റെക്കോഡാണ്‌. കാരണം ബാല്യത്തില്‍ നിര്‍ത്തിയ ആ പുസ്‌തകപ്രേമം 2014 സെപ്‌തംബറിലാണ്‌ വീണ്ടും തുടങ്ങിയത്‌. ദേശപോഷിണി വായനശാലയില്‍ അംഗത്വമെടുത്തപ്പോള്‍ ആദ്യമെടുത്തതും അനൂപേട്ടന്റെ പുസ്‌തകമാണ്‌, അമ്മ ദൈവങ്ങളുടെ നാട്‌. അന്നു അനൂപേട്ടന്‍ ഈ ലോകത്തോടു പുഞ്ചിരിയോടെ വേദന കടിച്ചമര്‍ത്തി വിട പറഞ്ഞിട്ടു ഏതാനും ദിവസങ്ങളേ ആയിരുന്നുളളൂ.ഈ വര്‍ഷം ആദ്യമായി വായിച്ച കഥകള്‍ അനൂപേട്ടന്റെതാണ്‌.

മുകളില്‍ പറഞ്ഞ ദുഷിച്ച ബുദ്ധി ഒട്ടും തീണ്ടിയിട്ടില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. അമ്മയുടെ നാട്ടുകാരനായിരുന്നു അദ്ദേഹം എന്നത്‌ വൈകിയാണ്‌ ഞാനറിഞ്ഞത്‌. 'കൂത്താറമ്പത്ത്‌' എന്ന തനി നാട്ടുശൈലിയില്‍ കൂത്തുപറമ്പിനെ കഥകളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്‌. അന്ധവിശ്വാസത്തിനെതിരെയും അടിച്ചമര്‍ത്തപ്പെട്ടവനു വേണ്ടിയും ഇക്കഥകള്‍ ശബ്ദിക്കുന്നു.
പുസ്‌തകത്തിന്റെ ഫോട്ടോ എടുക്കാനായി മൊബൈല്‍ കാമറ ഓണ്‍ ചെയ്‌തപ്പോള്‍ 'മനുഷ്യന്റെ ചിരി' ഡിറ്റക്ട്‌ ചെയ്യുന്ന സംവിധാനത്തില്‍ തെളിഞ്ഞു നിന്നു ആ മന്ദസ്‌മിതം. ഈ ബ്ലോഗ്‌ നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ കെ.വി. അനൂപിന്റെ കഥകള്‍ വാങ്ങണം. അകാലത്തില്‍ പൊലിഞ്ഞൊരു ജീവിതത്തിനോടുളള ആദരവു മാത്രമല്ല, നിങ്ങള്‍ നല്‍കുന്ന പണത്തിന്റെ ഒരു വിഹിതം അദ്ദേഹത്തിന്റെ കുടുംബത്തിനെത്തും. സഹായാഭ്യര്‍ഥനയായി കാണണ്ട, ഈ പുസ്‌തകം വാങ്ങുന്നതും വായിക്കുന്നതും നഷ്ടക്കച്ചവടമാകുകയില്ലെന്നതുറപ്പ്‌.

വായിച്ചു തീര്‍ന്നപ്പോള്‍ തന്നെ പറയാതെ ബാക്കി വയ്‌ക്കാന്‍ തോന്നിയില്ല. ആ പുസ്‌തകത്തിലെ മുഖചിത്രത്തില്‍ നിന്നും കണ്ണുകളേ മനപ്പൂര്‍വം പിന്‍വലിക്കാന്‍ വിഫലശ്രമം. എഴുത്തുകാരുടെ അനുഗ്രഹം അവരുടെ കൈകള്‍ നിലച്ചാലും ആ വാക്കുകള്‍ ജീവിക്കുമെന്നതാണ്‌. പല രൂപത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോഴും അക്ഷരങ്ങളാണ്‌ അതില്‍ അവരുടെ ശബ്ദമാകുന്നത്‌.

എങ്കിലും ഒരു നെടുവീര്‍പ്പോടെ ഞാന്‍ അനൂപേട്ടന്റെ മുഖത്തേക്കു നോക്കുന്നു. എന്തെന്നാല്‍, മാതൃഭൂമി പ്രസിന്റെ മുറ്റത്തു കിടത്തിയ ചേതനയറ്റ ശരീരത്തേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ജീവന്‍ തുടിക്കുന്ന ഈ ചിത്രമാണ്‌.  

12 comments:

  1. അനൂപിന് ആദരാഞ്ജലികള്‍

    ReplyDelete
  2. ബ്ലോഗ്‌ വായനയിൽ കവിഞ്ഞൊരു പുസ്തകം വായന എനിക്കും നന്നേ കുറവാണ് ..എന്നാലും രൂപ ഇത്രയും എഴുതിയ സ്ഥിതിക്ക് ഞാനും വായിക്കാൻ ശ്രമിക്കുന്നതാണ് ഈ ബുക്ക്‌

    ReplyDelete
    Replies
    1. തീര്‍ച്ചയായും വായിക്കണേ

      Delete
  3. വായിക്കണമെന്ന് തീരുമാനിച്ചു.

    ReplyDelete
    Replies
    1. സന്തോഷവും നന്ദിയും അറിയിക്കട്ടെ

      Delete
  4. വായിക്കാന്‍ ശ്രമിക്കാം...

    ReplyDelete
    Replies
    1. ശ്രമങ്ങള്‍ക്ക് പിന്തുണ

      Delete
  5. അനൂപ് കേരളത്തിലെ എല്ലാക്കാലത്തെയും മികച്ച കഥാകൃത്തുക്കളിലൊരാള്‍ ആണ് .

    ReplyDelete
  6. വായിക്കണമെന്ന് തീരുമാനിച്ചു.Ashamsakal

    ReplyDelete
    Replies
    1. അറിഞ്ഞതില്‍ അതിയായ സന്തോഷം

      Delete