9.5.14

മഴ ഭ്രമം

പാതിയടഞ്ഞ കണ്ണുകളെന്നോട്‌ പറയുന്നു, ഒന്നു ഉറങ്ങിക്കൂടേ! ഇല്ല, എനിക്കു സാധിക്കുന്നില്ല. പുറത്തു ഇരുളുന്ന ആകാശം ഭയപ്പെടുത്തുന്നതിനു പകരമെന്നെ മത്തു പിടിപ്പിക്കുന്നു. എഴുതി തുടങ്ങിയ വിഷയവും അവസാനിപ്പിക്കുന്നതും രണ്ടു വ്യത്യസ്‌തമായ തലങ്ങളിലുളളതാകുമെന്നു പൂര്‍ണ്ണ ബോധ്യമുളളതുകൊണ്ട്‌ മഴയെക്കുറിച്ചുളള പുസ്‌തകമെടുത്തു വായിക്കാന്‍ തീരുമാനിച്ചു.
ബാല്‍ക്കണിയില്‍ കസേരയിട്ടിരുന്നെങ്കിലും പച്ച പുറംചട്ടയുളള പുസ്‌തകം തുറക്കാന്‍ തോന്നിയില്ല. മനസ്സ്‌ എഴുതണമെന്ന ഒറ്റ വാശിയിലാണ്‌. ചിലപ്പോള്‍ എന്തെങ്കിലും കുറിക്കാന്‍ ഇരുന്നാല്‍ പോലും ചിന്തകള്‍ വാക്കുകളാക്കാന്‍ കഷ്ടപ്പെടാറുണ്ട്‌. 

ഇന്നലെ ഉച്ചയ്‌ക്കു തുടങ്ങിയ മഴയാണ്‌. ഗ്രാമങ്ങളിലെ മഴയ്‌ക്കൊരു പ്രത്യേക ഭംഗിയാണ്‌. കോഴിക്കോടു നഗരത്തില്‍ ആ മനോഹാരിത പ്രതീക്ഷിക്കുന്നതു തന്നെ വ്യര്‍ത്ഥം. ഫ്‌ളാറ്റിലെ ഒന്നാം നിലയിലിരുന്നു മഴയോടു കിന്നാരം പറയുമ്പോള്‍ ആകാശത്തേക്കു മാത്രം നോക്കും. ഭൂമിയില്‍ കറുത്ത മണ്ണു കലക്കി ഒഴുകുന്ന മഴയേക്കാളിഷ്ടം മാനത്തു നിന്നു താഴേക്കു പതിക്കുന്നതു കാണാനാണ്‌. തെങ്ങിന്റെ ഓലകളെ തഴുകിയും മാവിന്റെ ഇലകളെ ചുംബിച്ചും കാറ്റിനോടു കിന്നാരം പറഞ്ഞും ഭൂമിയിലേക്കു കുതിക്കുന്ന മഴത്തുള്ളികളുടെ വികൃതികള്‍ ആര്‍ക്കാണു കണ്ടു മതിവരിക!


ചിലപ്പോഴെങ്കിലും വര്‍ഷം എന്നെ കരയിച്ചിട്ടുണ്ട്‌. നഷ്ടങ്ങളും ഓര്‍മ്മകളും പെയ്‌തിറക്കി മഴ മനസ്സില്‍ വിതുമ്പലും സമ്മാനിക്കാറുണ്ട്‌. ഇരുണ്ട മഴക്കാലത്തേക്കാള്‍ വരണ്ട വേനലാണ്‌ ഭേദമെന്നു തോന്നിപ്പോയ നിമിഷങ്ങളുമുണ്ട്‌. ചുറ്റിലുമുളള ഇരുട്ട്‌ കൂടി. എങ്കിലും ഫാനോ ലൈറ്റോ ഇടാന്‍ തോന്നുന്നില്ല. മഴയുടെ ഭംഗി നശിപ്പിക്കണ്ട. ലോകാവസാനം ഇങ്ങനെയാണെന്നൊക്കെ മതഗ്രന്ഥങ്ങളിലുണ്ടത്രെ.


മഴപ്പാറ്റയുടെ ജന്‍മം കിട്ടാന്‍ കൊതി. പുതുമണ്ണിന്റെ ഗന്ധത്തില്‍ പിറന്ന്‌ നനഞ്ഞ ഭൂമിയില്‍ പാറിപ്പറന്ന്‌ അതേ സ്ഥലത്തു മരിച്ചു വീഴുന്നവര്‍. ഏതാനും മണിക്കൂറുകള്‍ മാത്രമുളള ജീവിതം. മോഹങ്ങളോ ഭംഗങ്ങളോ ജനിക്കാനോ നശിക്കാനോ സമയമില്ല. ഉളളപ്പോള്‍ പറന്നുല്ലസിച്ച്‌ തീരുന്നു.


മഴ ഇനിയും കനക്കുമെന്നാണ്‌ പ്രവചനം. കഷ്ടങ്ങളും നഷ്ടങ്ങളും മാധ്യമങ്ങള്‍ കണക്കെടുക്കുന്നു. പക്ഷെ എന്നെപ്പോലെ ചില വിചിത്രജീവികള്‍ ഈ പേമാരി തീരരുതെന്ന്‌ ആശിക്കുന്നു. അവസാനിക്കട്ടെ എല്ലാം ഈ മഴത്തുളളിക്കിലുക്കത്തില്‍!

10 comments:

  1. കുറച്ചു നാൾ വെയിൽ ആയാൽ ' ഹൊ എന്തൊരു ചൂട്.. !"

    രണ്ടു ദിവസം മഴ പെയ്താൽ "ഹൊ..മുടിഞ്ഞ മഴ.." - ഇങ്ങനെയാണല്ലോ നമ്മുടെയൊക്കെ പ്രതികരണം.

    അപ്രതീക്ഷിതമായ മഴയോടും കാറ്റിനോടുമെല്ലാം ദേഷ്യം തോന്നണമെങ്കിൽ കൈയ്യിലുള്ളതെല്ലാം മുടക്കി കൃഷിയിറക്കുന്ന കൃഷിക്കാരനായാൽ മതി. എന്തൊക്കെ സംഭവിച്ചാലും ഒന്നാം തിയ്യതി ശമ്പളം കിട്ടുന്ന നമുക്കൊക്കെ മഴ ആസ്വദിക്കാൻ യാതൊരു തടസ്സവുമില്ല.

    ReplyDelete
    Replies
    1. ഹഹഹ...നന്ദി സുഹൃത്തേ

      Delete
  2. എന്തും അധികമായാല്‍ പ്രശ്നം തന്നെ

    ReplyDelete
  3. പെയ്യട്ടങ്ങനെ പെയ്യട്ടെ :)

    ReplyDelete
    Replies
    1. നന്ദി, ഈ പ്രോത്സാഹനത്തിന്

      Delete
  4. മഴ മതിയായില്ല..ഇനിയും പെയ്യട്ടെ..

    ReplyDelete
    Replies
    1. അറിഞ്ഞതിൽ സന്തോഷം സുഹൃത്തേ

      Delete
  5. എഴുത്തുകാര്‍ക്ക് മാത്രം ഇഷ്ടമുള്ള പ്രകൃതിയുടെ അവസ്ഥ......

    ReplyDelete