9.5.14

മാതൃഭൂമിക്കൊപ്പം ഒരു വര്‍ഷം


മെയ്‌ എനിക്കു ഏറ്റവും പ്രിയപ്പെട്ട മാസമാണ്‌. മെയ്‌ ഫ്‌ളവര്‍ ഉണ്ടാകുന്നതും എന്റെ മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞതും ഞാനും അനിയനും ഈ ഭൂമിയിലേക്കു വന്നതും ഈ മാസമാണ്‌. കഴിഞ്ഞ വര്‍ഷം മെയ്‌ എനിക്കു സമ്മാനിച്ചത്‌ സ്വപ്‌നതുല്യമായ ഒരു ജോലിയാണ്‌.
മറ്റേതൊരു തൊഴില്‍രഹിതരേയും പോലെ ഞാനും അലഞ്ഞു നടന്നു... മുട്ടാത്ത വാതിലുകളോ എഴുതാത്ത പരീക്ഷകളോ ഇല്ല. കുട്ടികളെ പഠിപ്പിച്ചു വെടക്കാക്കരുതെന്നു കരുതി അധ്യാപനത്തില്‍ ഒരു കൈ നോക്കിയില്ല. യഥാര്‍ഥ പത്രത്തിന്റെ ശക്തി അറിയിക്കുന്ന മാതൃഭൂമിയുടെ പരീക്ഷയും മുഖാമുഖവും കഴിഞ്ഞു യാതൊരു പ്രതീക്ഷയുമില്ലാതെ ഇരിക്കുകയായിരുന്നു. വ്യത്യസ്‌തതയും അതിലുപരി എനിക്കേറെ പ്രിയപ്പെട്ടതുമായ പേരിനുടമയായ ഉത്തര നവീന്‍ എന്നെ വിളിച്ച്‌ മാതൃഭൂമി കുടുംബത്തിലേക്കു സ്വാഗതമെന്നു പറഞ്ഞപ്പോള്‍ വളരെയേറെ സന്തോഷം തോന്നി.
ഞാന്‍ മലയാളഭാഷ ആദ്യമായി വായിച്ചു തുടങ്ങിയ പത്രം, മുത്തശ്ശന്‍ എഡിറ്റോറിയല്‍ പേജിലടക്കം എഴുതിയ പ്രസിദ്ധീകരണം... പേടി തോന്നി ഓഫീസിനു മുന്‍പിലെത്തിയപ്പോള്‍! മലയാളി മങ്ക എന്ന കവി ഭാവന അന്വര്‍ത്ഥമാക്കുന്ന ഒരു മുഖം എന്നെ സ്വാഗതം ചെയ്‌തു, സരസ്വതിയെന്നു പേര്‌.
വലിയങ്ങാടിയിലെ വലിയ മാര്‍ക്കറ്റുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാതൃഭൂമി ഹെഡ്‌ ഓഫീസില്‍ നിന്നു ഞങ്ങളെ കൊണ്ടു പോയത്‌ പ്രസിന്റെ കെട്ടിടത്തിലേക്കാണ്‌. പത്രമൊഴികെയുളള പ്രസിദ്ധീകരണങ്ങളും ചാനലും പ്രസും പ്രവര്‍ത്തിക്കുന്നത്‌ അവിടെയാണ്‌. സ്വീകരിച്ചത്‌ ന്യൂസ്‌ പ്രിന്റുകളുടെ ഭ്രമിപ്പിക്കുന്ന മണവും ഓരോ നിമിഷവും ചലിക്കുന്ന യന്ത്രങ്ങളുടെ ശബ്ദവും പുറത്തേക്കു നോക്കിയാല്‍ അനന്തമായി കിടക്കുന്ന കടലിന്റെ കാഴ്‌ചയുമാണ്‌.
ഒരു ഹാളില്‍ മൂന്നാഴ്‌ച ക്ലാസ്‌. അതിനിടയ്‌ക്കു ലഭിച്ച ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍- ആമി അശ്വതി, രേഖ നമ്പ്യാര്‍, സൗമ്യ, ശിവദേവ്‌, റീഷ്‌മ ദാമോദര്‍, രശ്‌മി രഘുനാഥ്‌, ലിസി, സൂര്യ സുരേഷ്‌, ജിനോ, രാഖി, സുനില്‍, ജസ്‌റ്റിന്‍. പലരും മറ്റു പല വഴിക്കു തിരിഞ്ഞെങ്കിലും സൗഹൃദം നിലനില്‍ക്കുന്നു. മനസ്സു തുറന്നു ചിരിച്ചു കളിച്ചു കലാലയജീവിതത്തെപ്പോലെ ആഘോഷിച്ചു.
അതു കഴിഞ്ഞ്‌ ജോലിയിലേക്ക്‌. മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന ഒരു സംഭവമുണ്ട്‌. ഡസ്‌കില്‍ (എഡിറ്റിംഗ്‌ സെക്ഷന്‍) പോസ്‌റ്റിങ്ങ്‌ കിട്ടി അധികം കഴിയാതെ ഒരു മഴ പെയ്യുന്ന വൈകുന്നേരം ഒരു ചെറിയ മനുഷ്യന്‍ കടന്നു വന്നു അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോട്‌ സംസാരിച്ചു തിരിച്ചു പോയി. നനഞ്ഞു കുളിച്ചു വന്ന ആ വ്യക്തി വാര്‍ത്ത കൊടുക്കാന്‍ വന്ന ആരെങ്കിലുമാണെന്നു ധരിച്ച്‌ ഞാന്‍ ജോലി തുടര്‍ന്നു. അപ്പോള്‍ എന്റെ സഹപ്രവര്‍ത്തകന്‍ ചോദിച്ചു: "അയാളെ അറിയില്ലേ, ആര്‍ട്ടിസ്‌റ്റ്‌ മദനന്‍." ഈശ്വരാ! ഒരുപാടു കേട്ടിട്ടുണ്ട്‌ ആ മഹാനെക്കുറിച്ച്‌... വര്‍ണ്ണങ്ങള്‍ കൊണ്ട്‌ കവിത രചിക്കുന്ന മഹാചിത്രകാരന്‍, എന്തൊരു എളിമ... അങ്ങനെ ഒരുപാടു മുഖങ്ങള്‍- ഗോപികൃഷ്‌ണന്‍, രജീന്ദ്രകുമാര്‍, ഫോട്ടോഗ്രാഫര്‍ മധുരാജ്‌, നിരൂപകന്‍ പി. കെ. രാജശേഖരന്‍, എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന്‍, ഷാജികുമാര്‍, ഡോ. കെ ശ്രീകുമാര്‍. ലിസ്‌റ്റ്‌ നീണ്ടു പോകും.
രാത്രി പകലാക്കിയുളള ജോലിയും ഒടുവില്‍ പേജ്‌ അയച്ച്‌ മേശക്കു ചുറ്റുമിരുന്ന്‌ അര്‍ധരാത്രിയുളള ചായകുടിയും കമ്പനിയുടെ കാറില്‍ മടങ്ങുമ്പോള്‍ പുറത്തു കാണുന്ന അശരണരുടെ ഭീകരമായ നിശാജീവിതവും ആദ്യമായി പേര്‌ അച്ചടിച്ചു വന്ന സന്തോഷവും ഓഫീസിലെ ഏറ്റവും ഇളയ ആള്‍ എന്ന നിലയില്‍ കിട്ടുന്ന ലാളനയും... കുറെ എഴുതണമെന്നു കരുതിയതാണ്‌! പക്ഷെ വാക്കുകള്‍ മുറിയുന്നു. നന്ദി മാതൃഭൂമിക്കും എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കും.

2 comments: