ആ കൂടികാഴ്ച എന്നെങ്കിലും ഉണ്ടാകും എന്നെനിക്കു അറിയാമായിരുന്നു. സത്യം പറഞ്ഞാല്‍ അവരെ എങ്ങനെ നേരിടണം എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. മക്കളെ നഷ്ടപ്പെടുക എന്നത് ഒരമ്മയെ സംബന്ധിച്ച് ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ്. ഇന്നലെ ഒരു പരിപാടിക്കിടയിലാണ് അവര്‍ എന്നെ പരിചയപ്പെടാന്‍ വന്നത്. അമ്മയുടെ ചെറിയമ്മ ആണെങ്കിലും അവര്‍ക്ക് എന്നെ അറിയില്ലായിരുന്നു. പക്ഷെ ഞാന്‍ അവരെ പല വേദികളിലും വച്ച് കണ്ടിടുണ്ട്, ഈ അടുത്തായി അവരെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുമുണ്ടായിരുന്നു. കാരണം മാധ്യമലോകം കുറച്ചു കാലം വരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോണി ഭട്ടതിരിപ്പാട് എന്ന പത്രപ്രവര്‍ത്തകന്റെ അമ്മയായ സുവര്‍ണിനി ആയിരുന്നു അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തീവണ്ടി യാത്രക്കിടയില്‍ എങ്ങോ മറഞ്ഞു പോയ ഒരു മകന്റെ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ സംസാരിച്ചു, അവര്‍ എന്റെ ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റ് വായിച്ചിരുന്നെന്നും അത് വായിച്ച ആരെങ്കിലും എന്നോട് അവരുടെ മകനെ കുറിച്ച് സൂചന വല്ലതും തന്നോ എന്നും തിരക്കാനായിരുന്നു അവര്‍ എന്നെ സമീപിച്ചത്. ഇനി നിങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കണമെങ്കില്‍ "Where is Soni Bhattathiripad" എന്ന എന്റെ ഇംഗ്ലീഷ് പോസ്റ്റ് വായിച്ചതിനു ശേഷം തുടരുക.
ആള്‍കൂട്ടത്തില്‍ നിന്ന് മാറി നിന്ന് സുവര്‍ണെച്ചി സംസാരിച്ചു തുടങ്ങി. എല്ലാ വേദികളിലും ചുറുചുറുക്കോടെ മാത്രം കണ്ടിട്ടുള്ള അവര്‍ വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു. വര്‍ത്തമാനം പറയുന്നതിനിടയില്‍ പലപ്പോഴും അവര്‍ വിതുമ്പി. പക്ഷെ ആ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞില്ല. ഒരുപക്ഷെ കുറെ വര്‍ഷങ്ങള്‍ കരഞ്ഞു കണ്ണുനീരെല്ലാം വറ്റി പോയിട്ടുണ്ടാകും. മാധ്യമലോകത്ത് മിന്നുന്ന താരമായിരുന്നപ്പോഴാണ് സോണി ഭട്ടതിരിപ്പാടിന്റെ തിരോധാനം. ഗോവ ഫിലിം ഫെസ്റിവല്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ ട്രെയിനില്‍ വച്ച് സോണിയെ കാണാതായി. പത്രപ്രവര്‍ത്തകരും പോലീസും എല്ലാം ഒരുപാടു വര്‍ഷം തിരഞ്ഞെങ്കിലും സോണി എവിടെ എന്നത് ഇന്നും ഒരു ചോദ്യമായി അവശേഷിക്കുന്നു.
"അവന്‍ പോയതിനു ശേഷം എനിക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഇല്ല. പ്രഷറും ഷുഗറും പോരാത്തതിനു ഹാര്‍ട്ടിനും സുഖമില്ല. മരുന്നിന്‍റെ മുകളില്‍ ആണ് ജീവിതം." സുവര്‍ണേച്ചി പറഞ്ഞു. വിഷമം മറക്കാന്‍ ഡോക്ടര്‍ അവരോടു ടിവി കാണാന്‍ ഉപദേശിച്ചു. പക്ഷെ ടെലിവിഷനിലെ ചാനലുകള്‍ കാണുമ്പോള്‍ വാര്‍ത്ത വായിച്ചിരുന്ന അവരുടെ മകനെ ഓര്‍മ വരും. അത് കൊണ്ട് തന്നെ ടിവിയും ഓണ്‍ ചെയ്യാറില്ല. അവര്‍ക്ക് ആകെ ഒരു ആശ്വാസം പൊതുപ്രവര്‍ത്തനം ആണ്. വാര്‍ഡ് മെമ്പര്‍ ആയ സുവര്‍ണേച്ചി ജനസെവനത്തില്‍ ഏര്‍പ്പെട്ടു കുറച്ചു നിമിഷത്തേക്കെങ്കിലും വിഷമങ്ങള്‍ മറക്കുന്നു. ഞങ്ങളുടെ സംസാരത്തിനിടയില്‍ ആ വഴി വന്ന ഒന്ന് രണ്ടു പേരോട് ആധാറിനെ കുറിച്ച് ഓര്‍മിപ്പിക്കാനും മറന്നില്ല.
ആ ഇടവേളയില്‍ എന്‍റെ മനസ്സ് പഴയ ചിന്തകളിലേക്ക് പോയി. സോണി ഭട്ടതിരിപ്പാട് എന്ന പേര് ഞാന്‍ ആദ്യം വായിച്ചത് അമ്മയുടെ വീട്ടില്‍ നിന്നാണ്. അന്ന് മനോരമയുടെ "ശ്രീ" എന്ന സപ്ലിമെന്റില്‍ ഇദ്ദേഹത്തിന്റെ പേര് കണ്ടപ്പോള്‍ തന്നെ ഞാന്‍ അമ്മായിയോട് ചോദിച്ചു വല്ല ബന്ധുവും ആണോയെന്ന്. "നമ്മടെ ഇല്ലത്തെ ആണ്", എന്‍റെ അമ്മയും അദ്ദേഹവും ഒരേ കുടുംബത്തിലാണ് ജനിച്ചത് എന്നത് പലപ്പോഴും വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഓര്‍ത്തത്. സ്ഥാനം കൊണ്ട് ഞാന്‍ അമ്മാവന്‍ എന്ന് വിളികേണ്ട ആ പേരിനുടമയെ പിന്നീട് ടിവിയിലൂടെ കണ്ടു. ഒരു ചെറുപുഞ്ചിരിയോടെ വാര്‍ത്ത അവതരിപ്പിക്കുന്ന ആ വ്യക്തി പിന്നീട് മലയാളിക്ക് പരിചിതമായ മുഖം ആയി. ഇടയ്ക്കെപ്പോഴോ അദേഹത്തെ കാണാനില്ലെന്ന കാര്യം അമ്മയാണ് എന്നോട് പറഞ്ഞത്.
നാട്ടുകാരുമായുള്ള കുശലാന്വേഷണം വേഗം അവസാനിപ്പിച്ച് സുവര്‍ണേച്ചി വീണ്ടും എന്റെ അടുത്തേക്ക് വന്നു. മകന്‍ പോയതിനു ശേഷം ആ അമ്മ ഒഴിച്ച് കൂടാനാവാത്ത ചടങ്ങുകളില്‍ മാത്രമേ പങ്കെടുക്കാറുള്ളു. "ആളുകള്‍ മുഖത്ത് നോക്കി ചോദിക്കും എന്താ മോന്‍ തിരിച്ചു വന്നില്ലേ എന്ന്." ശബ്ദം ഇടറി കൊണ്ട് അവര്‍ പറഞ്ഞു. പലപ്പോഴും മറ്റുള്ളവരുടെ വിഷമങ്ങളില്‍ സന്തോഷിക്കുന്നവരാണ് അധികജനങ്ങളും എന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിപ്പോയി. സോണി എന്ന മനുഷ്യന്‍ ലഹരിക്ക് അടിമപ്പെട്ടവന്‍ ആണെന്നും മാനസികവിഭ്രാന്തി ഉണ്ടെന്നതുമൊക്കെയുള്ള പ്രചരണങ്ങള്‍ പച്ചക്കള്ളം ആണെന്ന് ആ അമ്മ ഉറപ്പിച്ചു പറയുന്നു. "അങ്ങനെ പ്രശ്നം ഉള്ള ഒരാളെ ഇത്രയും വലിയ ഒരു ചാനല്‍ പ്രധാനറിപ്പോര്‍ട്ടറായി അയക്കുമോ?" എന്ന സുവര്‍ണേച്ചിയുടെ ചോദ്യം ബാക്കി ഉള്ളവരെ പോലെ പല നുണകളും വിശ്വസിച്ചിരുന്ന എനിക്ക് ഒരു പുതിയ ബോധോദയം തന്നു. ശരിയാണല്ലോ, ടീമിനെ നയിക്കാന്‍ കെല്‍പ്പുണ്ടെന്നു പൂര്‍ണബോധ്യം ഉള്ളത് കൊണ്ടല്ലേ അന്ന് ഇന്ത്യവിഷന്‍ അദേഹത്തെ തന്നെ തിരഞ്ഞെടുത്തത്! ഏറ്റവും എളുപ്പത്തില്‍ വ്യാപിപ്പിക്കാന്‍ പറ്റുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് പരദൂഷണവും മറ്റേതു പകര്‍ച്ചവ്യധിയുമാണെന്ന് മനസ്സില്‍ ഓര്‍ത്തു.
"അവന്‍ തിരിച്ചു വരണം എന്നൊന്നും ഞാന്‍ പറയില്ല. അവനിഷ്ടം ഒളിച്ചു കഴിയാന്‍ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ! പക്ഷെ ഇടക്കൊന്നു അവന്റെ കുടുംബത്തിലേക്ക് വിളിച്ചു സുഖാന്വേഷണമെങ്കിലും നടത്തിയാല്‍ ഞങ്ങള്‍ക്കൊരു സമാധാനം ഉണ്ട്." സുവര്‍ണേച്ചി പറഞ്ഞു നിര്‍ത്തി. ഒരിക്കലും നേരിട്ട് ഞാന്‍ കണ്ടിട്ടില്ലാത്ത സോണി ഏട്ടന്‍ ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ വച്ച് ഇത് വായിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, താങ്കളുടെ അമ്മ ആവശ്യപ്പെടുന്നത് താങ്കള്‍ സുരക്ഷിതനായി ഇരിക്കുന്നു എന്ന ഒരു വാര്‍ത്ത മാത്രം ആണ്. ഇംഗ്ലീഷ് ബ്ലോഗില്‍ ഞാന്‍ എഴുതിയ "വേര്‍ ഈസ് സോണി ഭട്ടതിരിപ്പാട്" എന്ന പോസ്റ്റ് ഇന്നും ആളുകള്‍ വായിക്കുന്നു. "സോണി എവിടെ" എന്ന് അവര്‍ ഗൂഗിളിനോട് ചോദിക്കുന്നു!
ഞാന്‍ സംസാരിച്ച ഏതാനും ചില മാധ്യമപ്രവര്‍ത്തകരും സോണിയുടെ വരവിനായി കാത്തിരിക്കുകയാണ്. അവര്‍ക്ക് അദ്ദേഹം ഒരു പ്രചോദനം ആയിരുന്നു. തിരിച്ചു വന്നാല്‍ സോണി ഭട്ടതിരിപ്പാട് എന്ന പത്രപ്രവര്‍ത്തകനു മുന്‍പില്‍ ഇനിയും ഒരു വലിയ ലോകമുണ്ട്. മാധ്യമലോകത്തിലെ കൃത്രിമത്വത്തിനുമപ്പുറം സോണി എന്ന നാട്ടുകാരനെ നീര്‍വേലി എന്ന കൊച്ചു ഗ്രാമവും അവിടുത്തെ പുഴയും കാറ്റും കിളികളും കാതോര്‍ത്തിരിക്കുന്നു. സോണിയെ സ്നേഹം കൊണ്ട് മൂടാനായി കാത്തു നില്‍ക്കുന്ന മന്ദ്യത്തില്ലത്തെ രണ്ടു വൃദ്ധദമ്പതികളുടെ കാത്തിരിപ്പ് ഉടന്‍ ശുഭപര്യവസായിയായി അവസാനിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.
(ഞാന്‍ അടക്കം എല്ലാ ബ്ലോഗ്ഗര്‍മാരും ആളുകളുടെ വായനയും
അഭിപ്രായവും അറിയാനായി ഒരുപാട്
സൂത്രങ്ങള്‍ ചെയ്യുന്നവരാണ്.
പക്ഷെ ഈ പോസ്റ്റ് തികച്ചും ഒരു അപേക്ഷ രൂപത്തില്‍ ആണ്.
ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കില്‍
ആ അമ്മയെ അറിയിച്ചാല്‍ പുണ്യം കിട്ടും)