20.11.16

വാത്സല്യവൃന്ദം



അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടാൻ കഴിവില്ലെന്നു പൂർണബോധ്യമുളളപ്പോഴും അവയെ താലോലിക്കാൻ ഞാനെന്നും ഇഷ്ടപ്പെട്ടു. ജോലിക്കിടയിൽ അക്ഷരങ്ങളും സമയവും വെട്ടിച്ചുരുക്കി. വായനയും എഴുത്തും വഴിപാട് മാത്രമായി. കുടുംബവിശേഷവേളകളിലോ സൗഹൃദസംഗമങ്ങളിലോ എന്നെ സ്ഥിരമായി ആ ചോദ്യം അലട്ടി, 'എന്തു കൊണ്ട് ബ്ലോഗിൽ സജീവമല്ല!' ഉത്തരം തേടി അലയാൻ പോലും കഴിയാതെ ഞാൻ മടി പിടിച്ചിരുന്നു, മറ്റു ബ്ലോഗെഴുത്തുകാരെ പോലെ... മലയാളം ബ്ലോഗർമാർ വിളിച്ച് വഴക്കു പറയുമ്പോഴും ചെറുചിരിയിൽ തടിതപ്പി.

കഴിഞ്ഞയാഴ്ച മുത്തശ്ശിയുടെ പിറന്നാളായിരുന്നു, ശതാഭിഷേകം. മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും മരുമക്കളും മുത്തശ്ശിയുടെ സഹോദരങ്ങളുമെല്ലാമായി വലിയൊരു ആൾക്കൂട്ടം. അവരും പതിവു ചോദ്യം എന്നോട് ചോദിച്ചു. ഞാൻ ഉൾവലിഞ്ഞു.
എങ്കിലും അന്നു രാവിലെ ഞങ്ങളുടെ വീട്ടിൽ നിന്നും തറവാട്ടിലെ ക്ഷേത്രത്തിലേക്ക് കുളത്തിൽ മുങ്ങിനിവർന്ന് ഈറനായി നടക്കുമ്പോൾ ഞാനറിഞ്ഞു എന്താണ് എന്റെ അക്ഷരങ്ങൾക്ക് ഊർജ്ജം പകരുന്നതെന്ന്. അവിടുത്തെ പച്ചപ്പ്, കിളികളുടെ കളകളാരവം... എല്ലാം എന്റെ ആത്മാവിനെയും ചിന്തകളെയും ചിന്തേരിട്ടു മിനുക്കും.

കോൺക്രീറ്റ് ഫ്‌ളാറ്റിൽ മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ കെട്ടിപൊതിഞ്ഞ് അവ ശേഖരിക്കാൻ ആളു വരുന്നതും കാത്തു തുടങ്ങുന്ന ദിനങ്ങൾ. പുകയും ഹോണും മലീമസമാക്കുന്ന വീഥികൾ, പൊങ്ങച്ചസംസ്‌കാരത്തിന്റെ നേർകാഴ്ചയായി മാളുകൾ... ഇതൊക്കെ മടുപ്പിക്കുന്ന കാഴ്ചകളായി മിന്നിമറയുന്നു. സൗഹൃദങ്ങൾ പോലും പണക്കിലുക്കമനുസരിച്ചായേക്കാം. വല്ലപ്പോഴും നാട്ടിലേക്കുളള ഒളിച്ചോട്ടം കൂടെയില്ലായിരുന്നെങ്കിൽ ഞാൻ യന്ത്രസൂചിയെപ്പോലെ ചലിക്കുക മാത്രം ചെയ്യുമായിരുന്നേനെ. നമ്പൂതിരി സമുദായത്തിൽ വിവാഹം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ വലിയ സ്ഥാനമില്ല. മിക്ക സ്ത്രീകളും പക്ഷെ സ്വന്തം ഇല്ലം മനസ്സിൽ പ്രിയപ്പെട്ട ഏടുകളിലൊന്നായി സൂക്ഷിക്കുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

എന്റെ തൊടിയിലെ മാവിനും പ്ലാവിനും അണ്ണാറക്കണ്ണനും വരെ എന്നോട് വാത്സല്യമുണ്ടെന്ന് തോന്നാറുണ്ട്. തറവാടിനു മുന്നിലെ വലിയ ആൽമരത്തിന്റെ വലിയൊരു ശാഖ നിലം പതിച്ചിരുന്നു. പണ്ട് പോത്തുകൾക്കായി നിർമ്മിച്ച ആലയ്ക്കു തണലു നൽകിയ 'പോത്താല മാവ്' മുറിച്ച് കളഞ്ഞിരിക്കുന്നു. അമ്പലത്തിനടുത്തുളള പാലപ്പൂവ് ഇനിയും പൂത്തിട്ടില്ല. വയലറ്റു നിറമുളള കോളാമ്പി പൂവുകൾ ചില്ലകളിലും നിലത്തുമായി പരന്നു കിടന്നു. അമ്പലത്തിലേ ദേവനു പൂജയ്ക്കായി അനിയൻ പൂക്കൾ പറയ്ക്കുന്നു, അപ്ഫൻ (ചെറിയച്ഛൻ) പൂമാല കെട്ടുന്നു. പായൽ പിടിച്ച കുളത്തിൽ മുങ്ങി മത്സ്യവുമായി പക്ഷി പറന്നുയരുന്നു. ആലിൽ വവ്വാലുകൾ മയങ്ങുന്നു. പശു കിടാവിനായി പാൽ ചുരത്തുന്നു. കാറ്റിനു താളം പിടിച്ച് കവുങ്ങുകൾ ആടുന്നു.

'രൂപകുട്ട്യേ...' എന്നെ എടുത്തു വളർത്തിയ അയൽക്കാരുടെ നീട്ടിയുളള വിളിയിൽ ഞാൻ വീണ്ടും പിഞ്ചുകുഞ്ഞായി. മുത്തശ്ശിയോളം പ്രായമുളളവർ പല്ലില്ലാത്ത മോണ കാണിച്ചു ചിരിക്കുന്നു. ലിംഗവ്യത്യാസം കൽപ്പിച്ച  ദൂരത്ത് നിന്ന് വാക്കുകളിലൂടെ സ്‌നേഹം പുതുക്കുന്ന പുരുഷൻമാർ. അമ്പലത്തിൽ നിന്ന് പൂജാരിയായ എമ്പ്രാന്തിരി വിഷ്ണു സഹസ്ര നാമം ചൊല്ലുന്നു, ശാന്തകാരം ഭുജഗശയനം...

കൈകൂപ്പി തൊഴുതുനിന്നപ്പോൾ നടതുറന്നു. സ്‌നേഹം, ഭക്തി, ശാന്തി.... ഇതാണോ ജനിച്ച മണ്ണിന്റെ പര്യായം... അതോ അവിടുത്തെ വസ്തുക്കളാണോ എന്നെ വികാരവിവശയാക്കുന്നത്! അറിയില്ല... പണ്ട് മുത്തശ്ശി മന:പാഠമാക്കി തന്ന വിഷ്ണു മന്ത്രം ചൊല്ലി,

കൃഷ്ണായ വാസുദേവായ
ഹരേ പരമാത്മനേ
പ്രണതക്ലേശ നാശായ
ഗോവിന്ദായ നമോ നമ!

18.6.16

ഒഴുകിയകലുന്നു നാം...



അപൂര്‍വം നല്ല പെണ്‍സൗഹൃദങ്ങളെ എനിക്കുളളൂ. പല പെണ്‍കൂട്ടായ്‌മകളിലും എനിക്ക്‌ മടുപ്പ്‌ തോന്നും. വളയോടും കമ്മലിനോടും അല്‍പം ഭ്രമമുണ്ടെന്നല്ലാതെ മറ്റു സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്ന വസ്‌തുക്കളിലൊന്നും വലിയ താത്‌പര്യമില്ല, സ്വര്‍ണ്ണം പ്രത്യേകിച്ചും. ലിപ്‌സ്റ്റിക്കിന്റെ ഷെയ്‌ഡുകളോ ഐ ഷാഡോവിന്റെ ബ്രാന്‍ഡുകളോ ചോദിച്ചാല്‍ പറയാനറിയില്ല. സ്വര്‍ണ്ണമാലകളിലെ വകഭേദങ്ങളെക്കുറിച്ച്‌ അജ്ഞയാണ്‌.

എന്നെ അറിഞ്ഞു സ്‌നേഹിക്കാന്‍ സ്‌ത്രീസുഹൃത്തുക്കളുണ്ടായില്ല പല ഘട്ടത്തിലും. പത്താം ക്ലാസ്‌ വരെ അയല്‍ക്കാരി രമ്യയുണ്ടായിരുന്നു. ഇന്നലെയാണ്‌ അവളുടെ വാട്‌സാപ്പ്‌ നമ്പര്‍ കിട്ടിയത്‌. ദുബായില്‍ ഭര്‍ത്താവിനോടും കുട്ടിയോടുമൊപ്പം ഉദ്യോഗസ്ഥജീവിതവുമായി കഴിയുന്നു. അന്നു വീട്‌ മാറിയപ്പോള്‍ മുറിഞ്ഞ സൗഹൃദമാണ്‌. പിന്നെ ഡിഗ്രിയ്‌ക്ക്‌ പഠിക്കുമ്പോള്‍ സുലു, ഷെറു എന്നു ഞാന്‍ വിളിക്കുന്ന ഇരട്ടകളും ദീപ്‌തിയും ശീതളും. അന്യമതസ്ഥരുമായുളള ചങ്ങാത്തം ഇരട്ടകളിലൊരാളുടെ ഭര്‍ത്താവ്‌ വിലക്കി. എന്നാലും വല്ലപ്പോഴുമുളള വിളി. പിന്നീട്‌ എംഎയ്‌ക്ക്‌ ചേര്‍ന്നപ്പോള്‍ സീനിയറായ അശ്വതി ചേച്ചിയായിരുന്നു കൂട്ട്‌. അനിയത്തിയെന്ന്‌ വിളിച്ച്‌ ശ്വാസം മുട്ടിച്ച്‌ സ്‌നേഹിച്ചു. ഞാന്‍ വിവാഹിതയാകുന്നുവെന്ന്‌ കേട്ടപ്പോള്‍ കരഞ്ഞു. അതിനുശേഷം വിളിയില്ല. ഇപ്പോള്‍ ഞാന്‍ കുറിക്കുന്ന വാക്കുകള്‍ മാത്രം വായിച്ച്‌ സ്‌നേഹാന്വേഷണം മൊബൈലില്‍ രണ്ടു വരിയില്‍ അയയ്‌ക്കുന്നു.

ആദ്യത്തെ ജോലി കിട്ടിയപ്പോള്‍ അയിഷ കൂട്ടായി. ബാംഗ്ലൂര്‍ക്കാരി. കേരളത്തിന്റെ മരുമകള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ മെസേജുകളിലൂടെ മാത്രമുളള ബന്ധമായി അതും. അപ്പോഴും ഇപ്പോഴും ആണ്‍സുഹൃത്തുക്കള്‍ ധാരാളമുണ്ട്‌.

ഒടുവില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടത്തും കിട്ടി ഒരു ചേച്ചിയേ! മൂന്നു വര്‍ഷം അടുത്തടുത്തിരുന്നു. ദിവസവും ആറു മണിക്കൂറിലധികം ഒരുമിച്ച്‌ ചെലവഴിച്ചു. ഒരേ കാറില്‍ മടക്കം. ഒരുമിച്ച്‌ ഭക്ഷണം. വിവാഹിതയാകണമെന്ന്‌ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നിരുന്നു. ചേച്ചിയാണ്‌ സഹായിച്ചത്‌. എഴുതുന്നതും തിരുത്തുന്നതും എല്ലാം ചേച്ചിയോട്‌ ചോദിച്ച്‌. ഏറ്റവും സ്വകാര്യമായ രഹസ്യങ്ങള്‍ വരെ പങ്കുവെച്ചു. ഇപ്പോള്‍ തുറന്നു പറയുന്നു, ഒരു വല്ലാത്ത പൊസസീവ്‌നെസ്‌ തോന്നിയിരുന്നു. കഴിഞ്ഞ ജന്‍മത്തില്‍ എന്റെ കൂടെപ്പിറപ്പോ മറ്റോ ആയിരിക്കും. ചേച്ചിയുടെ ഓഫിന്റെ അന്ന്‌ എനിക്ക്‌ വല്ലാത്ത ശൂന്യത തോന്നും. എന്നെ ഉപദേശിക്കാനും വഴക്ക്‌ പറയാനും ചേച്ചിക്ക്‌ അധികാരം ഉണ്ടായിരുന്നു. ഭര്‍ത്താവ്‌ പോലും തമാശയ്‌ക്ക്‌ പറയും, 'ങും! ചേച്ചി പറഞ്ഞാല്‍ നിനക്ക്‌ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ...'

സ്ഥലം മാറി ചേച്ചിയും പോവുകയാണ്‌. ഒരുപാട്‌ ശ്രമിച്ചെങ്കിലും കരയാതിരിക്കാനായില്ല. കരഞ്ഞിട്ടും കരഞ്ഞിട്ടും തേങ്ങലടക്കാനായില്ല. വെറും മൂന്ന്‌ വര്‍ഷത്തെ പരിചയത്തിന്‌ ഇത്രയൊക്കെ വേണോ എന്ന്‌ ഞാന്‍ സ്വയം ചോദിക്കുന്നു. മനസ്സ്‌ അറിയാതെ പിടയും.

ലോകം ചെറുതാണെന്നും ഒരു മൊബൈല്‍ ക്ലിക്കിന്റെ നീളമെയുളളൂവെന്നും അറിയാം. ആ കസേരയില്‍ പുതിയ ആള്‍ വരും. പക്ഷെ ചേച്ചി എന്നില്‍ അവശേഷിപ്പിക്കുന്ന ശൂന്യത എനിക്ക്‌ വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല. ഒരു വലിയ ജനക്കൂട്ടത്തില്‍ നിന്ന്‌ ഒടുവിലെത്തിയ ബിന്ദുവിലേക്കുളള നീളം എനിക്ക്‌ വളരെ വലുതാണ്‌. 

20.2.16

തണലുകള്‍ തേങ്ങലായപ്പോള്‍


വിണ്ടു കീറിയ കെട്ടിടങ്ങളും പൊന്തക്കാടുകളും വീഴാറായ മരങ്ങളുമെല്ലാമുളള ഒരു കലാലയം. ദിവസവും ലക്ഷക്കണക്കിനു രൂപ ലഭിക്കുന്ന കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നിന്റെ അധീനതയിലുളള വളപ്പ്‌. ഇല്ലായ്‌മകളറിയിക്കാതെ സൗഹൃദത്തണലിനും കരുതലിനും മുമ്പില്‍ വിദ്യാര്‍ഥികള്‍ക്ക്‌ പരാതി പറയാനറിയാതെയായി. കൂലിപ്പണിയെടുത്തും ട്യൂഷന്‍ പഠിപ്പിച്ചും ഫീസടയ്‌ക്കാന്‍ പാടുപെടുന്ന കുട്ടികള്‍. നാട്ടിന്‍പുറത്തിന്റെ നേരും നന്‍മയും വഴിഞ്ഞൊഴുകിയ കോവിലന്റെ തട്ടകത്തില്‍ കേമത്തം പറയാന്‍ യാതൊന്നുമില്ലാത്ത സാധാരണ കലാലയം.

എപ്പോഴും ജീവന്‍ തുടിക്കുന്ന ശ്രീകൃഷ്‌ണയുടെ പോര്‍ട്ടിക്കോ... മുദ്രാവാക്യങ്ങള്‍ക്കും പൊട്ടിച്ചിരികള്‍ക്കും പരിഭവങ്ങള്‍ക്കും സാക്ഷിയായി പുഞ്ചിരിച്ചു നില്‍ക്കുന്ന ഗുരുവായൂരപ്പന്റെ ചിത്രം. പലരും ആ ഫോട്ടോയ്‌ക്കു മുമ്പില്‍ കൈക്കൂപ്പിയാണ്‌ കലാലയത്തിലേക്കു പ്രവേശിക്കുക. ആ വരാന്തയാണ്‌ വ്യാഴാഴ്‌ച ജീവനറ്റ ശരീരത്തെ ഏറ്റുവാങ്ങിയത്‌. താങ്ങും തണലുമായി നിന്ന മരങ്ങളിലൊന്ന്‌ നിശബ്ദമായി നിലംപതിക്കുമ്പോള്‍ അറിഞ്ഞു കാണില്ല, താന്‍ വെയിലേല്‍ക്കാതെ സൂക്ഷിച്ച കുറച്ചു കുഞ്ഞുങ്ങള്‍ അതിനു താഴേ ഉല്ലസിച്ചിരിക്കുന്നുണ്ടെന്ന്‌. പത്രങ്ങളില്‍ ചിത്രം കണ്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. എട്ടുവര്‍ഷം മുമ്പ്‌ വിട പറഞ്ഞ കോളേജിലെ സംഭവമാണെങ്കിലും ഒരു സഹോദരിക്ക്‌ അപകടം പറ്റിയ പോലെ മനസ്സു നൊന്തു.

ഇംഗ്ലീഷ്‌, മലയാളം ക്ലാസുകള്‍ക്കായി പോയിരുന്ന ഒന്നാം വര്‍ഷ സാമ്പത്തിക ശാസ്‌ത്ര ക്ലാസിലായിരുന്നു ആ വിദ്യാര്‍ഥിനി. ഡി സോണ്‍ എന്ന യൂണിവേഴ്‌സിറ്റിയുടെ ജില്ലാ വിഭാഗത്തിലുളള കലോത്സവം ആഘോഷിക്കാനായി കൂട്ടുകാരോടൊപ്പം എത്തിയതാകാം. രംഗബോധമോ ദയയോ ഇല്ലാത്ത കോമാളിയായി മരണം അവളെ തട്ടിയെടുത്തു. കൂടെയുളള ആറു പേര്‍ ആസ്‌പത്രിയിലായി. പത്രങ്ങളിലെല്ലാം വാവിട്ടുകരയുന്ന വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍, മൂകമായ വൈശാലിപ്പാറയുടെ വാര്‍ത്തകള്‍...

രാത്രി അനിയന്‍ രാകേഷിന്റെ സന്ദേശം. പരിക്കേറ്റ കുട്ടിയ്‌ക്ക്‌ രക്തം വേണമെന്ന്‌. ഫേസ്‌ബുക്കിലെ ഓണ്‍ലൈന്‍ കൂട്ടായ്‌മയായ ബ്ലഡ്‌ ഡോണേഴ്‌സ്‌ കേരളയുടെ ഭാരവാഹികളുടെ നമ്പറുകള്‍ അയച്ചു കൊടുത്തു. രാവിലെ സുഹൃത്ത്‌ ഇതേ സന്ദേശമയച്ചു. അതില്‍ കണ്ട നമ്പറുകളില്‍ വിളിച്ചു നോക്കി. ആദ്യത്തെ രണ്ടെണ്ണം ഓഫാണ്‌. മൂന്നാമത്തേതില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തു. കോളേജ്‌ ചെയര്‍മാനാണ്‌. രക്തം കിട്ടിയെന്നു മറുപടി. കുട്ടി സുഖം പ്രാപിക്കുന്നു. പത്തു വര്‍ഷം മുമ്പ്‌ അവിടെ ഫസ്റ്റ്‌ ഇയറില്‍ പഠിച്ചിരുന്നെന്നു ഞാന്‍ പറഞ്ഞു. കുട്ടിയ്‌ക്ക്‌ പെട്ടന്നു സുഖമാകട്ടെ എന്നു ആശംസിച്ച്‌ ഞാന്‍ ഫോണ്‍ വെച്ചു.

ചെയര്‍മാനെന്നു കേട്ടപ്പോള്‍ പല മുഖങ്ങളും ഓര്‍മ്മ വന്നു. രാകേഷേട്ടന്റെ, അനൂപേട്ടന്റെ, ദീപ്‌തിയുടെ, ഗ്രീഷ്‌മയുടെ, ശ്രീജിതയുടെ, ശ്രീജ ചേച്ചിയുടെ സുര്‍ജിത്തേട്ടന്റെ, സനീഷേട്ടന്റെ, ഷെബീര്‍ക്കയുടെ ....ഇല്ല ശ്രീകൃഷ്‌ണ, നിന്റെ നന്‍മകള്‍ വറ്റിയിട്ടില്ല. ബന്ധുക്കളേക്കാള്‍ സൂക്ഷമതയോടെ കൂടെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഇന്നും അവിടെയുണ്ട്‌. പോര്‍ട്ടിക്കോയിലെ ഭഗവാനോട്‌ അധികാരികള്‍ കണ്ണു തുറക്കണമെന്ന പ്രാര്‍ഥനയുമായി, തകര്‍ന്ന മനസ്സുകളെ കൈപിടിച്ചുയര്‍ത്താന്‍ മനസ്സു കൊണ്ട്‌ ഞാനും അവിടെയുണ്ട്‌.