20.11.16

വാത്സല്യവൃന്ദം



അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടാൻ കഴിവില്ലെന്നു പൂർണബോധ്യമുളളപ്പോഴും അവയെ താലോലിക്കാൻ ഞാനെന്നും ഇഷ്ടപ്പെട്ടു. ജോലിക്കിടയിൽ അക്ഷരങ്ങളും സമയവും വെട്ടിച്ചുരുക്കി. വായനയും എഴുത്തും വഴിപാട് മാത്രമായി. കുടുംബവിശേഷവേളകളിലോ സൗഹൃദസംഗമങ്ങളിലോ എന്നെ സ്ഥിരമായി ആ ചോദ്യം അലട്ടി, 'എന്തു കൊണ്ട് ബ്ലോഗിൽ സജീവമല്ല!' ഉത്തരം തേടി അലയാൻ പോലും കഴിയാതെ ഞാൻ മടി പിടിച്ചിരുന്നു, മറ്റു ബ്ലോഗെഴുത്തുകാരെ പോലെ... മലയാളം ബ്ലോഗർമാർ വിളിച്ച് വഴക്കു പറയുമ്പോഴും ചെറുചിരിയിൽ തടിതപ്പി.

കഴിഞ്ഞയാഴ്ച മുത്തശ്ശിയുടെ പിറന്നാളായിരുന്നു, ശതാഭിഷേകം. മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും മരുമക്കളും മുത്തശ്ശിയുടെ സഹോദരങ്ങളുമെല്ലാമായി വലിയൊരു ആൾക്കൂട്ടം. അവരും പതിവു ചോദ്യം എന്നോട് ചോദിച്ചു. ഞാൻ ഉൾവലിഞ്ഞു.
എങ്കിലും അന്നു രാവിലെ ഞങ്ങളുടെ വീട്ടിൽ നിന്നും തറവാട്ടിലെ ക്ഷേത്രത്തിലേക്ക് കുളത്തിൽ മുങ്ങിനിവർന്ന് ഈറനായി നടക്കുമ്പോൾ ഞാനറിഞ്ഞു എന്താണ് എന്റെ അക്ഷരങ്ങൾക്ക് ഊർജ്ജം പകരുന്നതെന്ന്. അവിടുത്തെ പച്ചപ്പ്, കിളികളുടെ കളകളാരവം... എല്ലാം എന്റെ ആത്മാവിനെയും ചിന്തകളെയും ചിന്തേരിട്ടു മിനുക്കും.

കോൺക്രീറ്റ് ഫ്‌ളാറ്റിൽ മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ കെട്ടിപൊതിഞ്ഞ് അവ ശേഖരിക്കാൻ ആളു വരുന്നതും കാത്തു തുടങ്ങുന്ന ദിനങ്ങൾ. പുകയും ഹോണും മലീമസമാക്കുന്ന വീഥികൾ, പൊങ്ങച്ചസംസ്‌കാരത്തിന്റെ നേർകാഴ്ചയായി മാളുകൾ... ഇതൊക്കെ മടുപ്പിക്കുന്ന കാഴ്ചകളായി മിന്നിമറയുന്നു. സൗഹൃദങ്ങൾ പോലും പണക്കിലുക്കമനുസരിച്ചായേക്കാം. വല്ലപ്പോഴും നാട്ടിലേക്കുളള ഒളിച്ചോട്ടം കൂടെയില്ലായിരുന്നെങ്കിൽ ഞാൻ യന്ത്രസൂചിയെപ്പോലെ ചലിക്കുക മാത്രം ചെയ്യുമായിരുന്നേനെ. നമ്പൂതിരി സമുദായത്തിൽ വിവാഹം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ വലിയ സ്ഥാനമില്ല. മിക്ക സ്ത്രീകളും പക്ഷെ സ്വന്തം ഇല്ലം മനസ്സിൽ പ്രിയപ്പെട്ട ഏടുകളിലൊന്നായി സൂക്ഷിക്കുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

എന്റെ തൊടിയിലെ മാവിനും പ്ലാവിനും അണ്ണാറക്കണ്ണനും വരെ എന്നോട് വാത്സല്യമുണ്ടെന്ന് തോന്നാറുണ്ട്. തറവാടിനു മുന്നിലെ വലിയ ആൽമരത്തിന്റെ വലിയൊരു ശാഖ നിലം പതിച്ചിരുന്നു. പണ്ട് പോത്തുകൾക്കായി നിർമ്മിച്ച ആലയ്ക്കു തണലു നൽകിയ 'പോത്താല മാവ്' മുറിച്ച് കളഞ്ഞിരിക്കുന്നു. അമ്പലത്തിനടുത്തുളള പാലപ്പൂവ് ഇനിയും പൂത്തിട്ടില്ല. വയലറ്റു നിറമുളള കോളാമ്പി പൂവുകൾ ചില്ലകളിലും നിലത്തുമായി പരന്നു കിടന്നു. അമ്പലത്തിലേ ദേവനു പൂജയ്ക്കായി അനിയൻ പൂക്കൾ പറയ്ക്കുന്നു, അപ്ഫൻ (ചെറിയച്ഛൻ) പൂമാല കെട്ടുന്നു. പായൽ പിടിച്ച കുളത്തിൽ മുങ്ങി മത്സ്യവുമായി പക്ഷി പറന്നുയരുന്നു. ആലിൽ വവ്വാലുകൾ മയങ്ങുന്നു. പശു കിടാവിനായി പാൽ ചുരത്തുന്നു. കാറ്റിനു താളം പിടിച്ച് കവുങ്ങുകൾ ആടുന്നു.

'രൂപകുട്ട്യേ...' എന്നെ എടുത്തു വളർത്തിയ അയൽക്കാരുടെ നീട്ടിയുളള വിളിയിൽ ഞാൻ വീണ്ടും പിഞ്ചുകുഞ്ഞായി. മുത്തശ്ശിയോളം പ്രായമുളളവർ പല്ലില്ലാത്ത മോണ കാണിച്ചു ചിരിക്കുന്നു. ലിംഗവ്യത്യാസം കൽപ്പിച്ച  ദൂരത്ത് നിന്ന് വാക്കുകളിലൂടെ സ്‌നേഹം പുതുക്കുന്ന പുരുഷൻമാർ. അമ്പലത്തിൽ നിന്ന് പൂജാരിയായ എമ്പ്രാന്തിരി വിഷ്ണു സഹസ്ര നാമം ചൊല്ലുന്നു, ശാന്തകാരം ഭുജഗശയനം...

കൈകൂപ്പി തൊഴുതുനിന്നപ്പോൾ നടതുറന്നു. സ്‌നേഹം, ഭക്തി, ശാന്തി.... ഇതാണോ ജനിച്ച മണ്ണിന്റെ പര്യായം... അതോ അവിടുത്തെ വസ്തുക്കളാണോ എന്നെ വികാരവിവശയാക്കുന്നത്! അറിയില്ല... പണ്ട് മുത്തശ്ശി മന:പാഠമാക്കി തന്ന വിഷ്ണു മന്ത്രം ചൊല്ലി,

കൃഷ്ണായ വാസുദേവായ
ഹരേ പരമാത്മനേ
പ്രണതക്ലേശ നാശായ
ഗോവിന്ദായ നമോ നമ!

9 comments:

  1. അപ്പൊ ആ കണ്ടെത്തലാണ് ഈ തിരിച്ച് വരവിന് കാരണം... ല്ലേ? ..

    ReplyDelete
  2. അപ്പൊ ആ കണ്ടെത്തലാണ് ഈ തിരിച്ച് വരവിന് കാരണം... ല്ലേ? ..

    ReplyDelete
  3. ഓര്‍മ്മകള്‍ താലോലിക്കുംമ്പോഴാണ്‌ മനസ്സ് ചെറുപ്പമാകുന്നത്...അപ്പോള്‍ തനിയെ ഒരു കിളിയെപോലെ പാടാന്‍ സാധിക്കും ...ഒറ്റക്കാണെങ്കിലും ...ശരിയല്ലേ ...

    ReplyDelete
  4. വീടും തൊടിയും കണ്ടപ്പോള്‍ സന്തോഷായില്ലേ... ഇനി ഇടയ്ക്കിടെ ഓരോ പോസ്റ്റിട്ടോളൂട്ടോ :)

    ReplyDelete
  5. ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    ReplyDelete
  6. ചില തിരിച്ചുപോക്കുകൾ തിരിച്ചുവരവിന് കാരണമാകുന്നു.വായിക്കാൻ ഞങ്ങളെന്നും ഇവിടെ ഉണ്ട്. തുടർന്നും എഴുതുക!

    ReplyDelete
  7. അന്തരംഗത്തില്‍നിന്നുള്ള ്ദേപിന്‍വിളിയുടെശം പ്രചോദനമേകുന്ന മുഹൂര്‍ത്തങ്ങള്‍...
    ആശംസകള്‍

    ReplyDelete
  8. വായിക്കാൻ സുഖമുള്ള എഴുത്താണ്.

    ReplyDelete
  9. അങ്ങനെ ബ്ലോഗിൽ സജീവമാകൂൂ.

    ReplyDelete