ചിലപ്പോള്‍ അങ്ങനെയാണ്, എഴുതിയില്ലെങ്കില്‍ ഒരു വല്ലായ്‌മ. എന്റെ ഈ ഇടത്തില്‍ എനിക്കു തോന്നുന്നതൊക്കെ കുത്തിക്കുറിച്ചു കൊണ്ടിരിക്കണം. ചെറുകാവ് എന്നു പഴയ ഉടമസ്ഥര്‍ പേരിട്ട എന്റെ വീട്ടിലിരിക്കുന്ന സുഖശീതളിമയില്‍ പ്രവഹിച്ച വാക്കുകളുടെ സുഗന്ധമോ സൗന്ദര്യമോ എന്റെ ഭാവനയ്‌ക്കു പിന്നീട് വന്നിട്ടില്ല. വിവാഹം കഴിഞ്ഞാല്‍ ലോകം ചുരുങ്ങുമെന്നു വിശ്വസിച്ചിരുന്നില്ല, രണ്ടു വര്‍ഷം മുമ്പ് വരെ. ആഴ്‌ചയില്‍ ഒരു വാര്‍ത്തയെങ്കിലും എഴുതിയിരുന്ന ഞാന്‍ മാസത്തിലൊന്നു പോലും എഴുതാതെയായി. ദോശമാവ് പരത്തി വട്ടത്തിലാക്കാനും പൊട്ടാതെ കിണ്ണത്തിലെത്തിക്കാനും അരി വാങ്ങാനും പച്ചക്കറിയുടെ വിലയോര്‍ത്ത് ദീര്‍ഘനിശ്വാസം വലിക്കാനും മുഷിഞ്ഞ വസ്‌ത്രങ്ങള്‍ അലക്കിയുണക്കി മടക്കി വയ്‌ക്കാനുമുളള ഓട്ടത്തിനിടയില്‍ ഉച്ചയ്‌ക്ക് ഒരു മണിക്കൂറെങ്കിലും ഉറങ്ങാന്‍ കിട്ടിയാല്‍ ഭാഗ്യം. ഫോണിലെ അലാറത്തിന്റെ നിലവിളി കേട്ട് ഞെട്ടിയുണരുമ്പോഴും ഉറക്കത്തില്‍ സുഖനിദ്രയുടെ സ്വപ്‌നത്തിന്റെ ദൃശ്യങ്ങള്‍ ഓര്‍ത്തെടുക്കാനുളള ശ്രമമാകും. പിന്നീട് ഓഫീസിലേക്കുളള പരക്കം പാച്ചില്‍. അവിടെ വാര്‍ത്തകളുടെ ഇടയില്‍. രാത്രി ഒഴിഞ്ഞ നഗരവീഥിയിലൂടെ കാറില്‍ ഫ്‌ളാറ്റിലേക്ക്. അടുത്ത ദിവസത്തേയ്‌ക്കുളള ഭക്ഷണമെന്തൊക്കെയെന്നു കണക്കു കൂട്ടി കിടക്കയിലേക്ക്. മൊബൈലില്‍ വന്ന സന്ദേശങ്ങള്‍ വായിച്ച് ആവശ്യമെങ്കില്‍ മറുപടിയും നല്‍കി നിദ്രയേ പുല്‍കുമ്പോള്‍ ബ്രാഹ്മമുഹൂര്‍ത്തമായി കാണും. നാലോ അഞ്ചോ മണിക്കൂറുകളുടെ ഇടവേള. പിന്നീട് വീണ്ടും യാന്ത്രികതയിലേക്ക്.
ഈ തിരക്കുകള്‍ക്കിടയിലും ഞാന്‍ എന്നോടു തന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്, മാധ്യമപ്രവര്‍ത്തകയാണെന്ന സത്യം. ചുറ്റും നടക്കുന്നത് പോലും കണ്ണോടിക്കാന്‍ കഴിയാതെയുളള ഓട്ടത്തിനിടയില്‍ കിട്ടിയ ഒരു അഭിമുഖം. സിനിമാ സപ്ലിമെന്റിനായി എഴുതാനിരിക്കുന്നു. പുതിയ താരോദയം. ഒരു ചെറു മോശമായ വാക്കു പോലും ആ ചെറുപ്പക്കാരന്റെ ഭാവി കളഞ്ഞേക്കും. ബാല്‍ക്കണിയിലിരുന്ന് എങ്ങനെ തുടങ്ങണമെന്ന് ആലോചിച്ചപ്പോള്‍ മുമ്പില്‍ ഗ്യാസ് സിലിണ്ടര്‍. കഴിഞ്ഞ ആഴ്‌ച തീര്‍ന്നതാണ്. ബുക്ക് ചെയ്യാന്‍ ഇനിയും സമയം കിട്ടിയിട്ടില്ല. നിലത്തെ പായകള്‍ കഴുകാനിടണം. നിലം തുടയ്‌ക്കുന്ന തുണി വൃത്തിയാക്കാന്‍ വൈകി. അരി അടുപ്പത്തു തിളച്ചു മറിഞ്ഞോ! ഇല്ല, എഴുതാന്‍ സമയമായിട്ടില്ല. പണിയൊക്കെ തീര്‍ത്തിട്ടിരിക്കാം.
കിടപ്പുമുറി അടുക്കിപ്പെറുക്കിവെച്ച് കസേര വലിച്ചിട്ട് ലാപ്പ് ടോപ്പ് തുറന്നു. പുറത്തു കാട് വെട്ടുന്ന ശബ്ദം. പണ്ട് നിലമ്പൂരിലെ വീട്ടിലൊരു കൃഷ്‌ണന്‍ വരാറുണ്ട്. യാതൊരു ഒച്ചയുമില്ലാതെ പണിയെടുക്കും. നിലത്ത് പുല്ലു മുളയ്‌ക്കാറേ ഇല്ലെന്ന മട്ടില്‍ വെടിപ്പാക്കും. വെട്ടിയവയൊക്കെ കുട്ടയിലാക്കി തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടിടും. മണ്ണിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറും. ഇവിടെ ആ സുഗന്ധമുണ്ടോ! ഞാന്‍ മൂക്കു വിടര്‍ത്തി നോക്കി. ചെറുതായിട്ടുണ്ട്. പക്ഷെ അതിനേക്കാളേറെയുളളത് യന്ത്രത്തില്‍ നിന്നും വരുന്ന ഡീസലിന്റെ ഗന്ധമാണ്. അഭിമുഖം എങ്ങനെ തുടങ്ങണം. ആരംഭമാണ് ഓരോ വാര്‍ത്തയിലേക്കും ആളുകളെ ആകര്‍ഷിക്കുന്നത്. കുത്തിക്കുറിച്ചു മായ്‌ച്ചും കുറെ നേരമിരുന്നു. പിന്നെ എന്തെങ്കിലുമാകട്ടെയെന്നു കരുതി എഴുതി തുടങ്ങി. കൂട്ടിനു സോപാനസംഗീതവും കഥകളിപദവും ലാപ്‌ടോപ്പില്‍ വച്ചു. താഴെ കാട്ടു വെട്ടാന്‍ വന്നയാള്‍ വെളളത്തിന്റെ പൈപ്പ് മുറിച്ചിരിക്കുന്നു. ഒന്നാം നിലയിലുളള താത്തമാര്‍ അയാളുമായി അങ്കം വെട്ടുകയാണ്. തല പുറത്തേയ്‌ക്കിട്ട എന്നോടും അവര്‍ പരാതി പറയുന്നു. കേള്‍ക്കാന്‍ നേരമില്ല, അല്‍പം വെളളം പിടിച്ചു വെയ്‌ക്കണം. ഞാനും സ്വാര്‍ഥയാവുകയാണ്.
എങ്ങനെയൊക്കെയോ എഴുതിത്തീര്‍ത്തു. ഒരു പിടി ചോറു വാരി കഴിച്ചു. എല്ലാം ഒതുക്കി വെച്ചപ്പോഴാണ് വായനശാലയില്‍ നിന്നെടുത്ത പുസ്‌തകം കണ്ണില്‍പ്പെട്ടത്. മടക്കി കൊടുക്കണം. ആകെ ആഴ്‌ചയിലൊരിക്കലേ കയറൂ. ലൈബ്രറിയിലേക്കു കയറിയപ്പോള്‍ കുറേയായല്ലോ കണ്ടിട്ട് എന്നു അവിടെയിരിക്കുന്ന ചേച്ചിയുടെ കമന്റ്. ലോകപ്രശസ്‌ത ചെറുകഥകളെന്നൊരു കനമുളള ഇംഗ്ലീഷ് പുസ്‌തകമെടുത്ത് ബാഗിലിട്ട് ബസ്സില്‍ കയറി.
മാനാഞ്ചിറയിറങ്ങി റോഡു മുറിച്ചു കടക്കാന്‍ നോക്കുമ്പോള്‍ 'കുട്ടി'പോലീസ് തടുത്തു. ഒരു നിമിഷം കാക്കൂ എന്ന സ്‌നേഹപൂര്‍ണ്ണമായ ഉപദേശം. വണ്ടികളെ തടുത്ത് വഴികാണിച്ചു തന്നു. ചിറയുടെ ഓരത്തു കൂടെ നടക്കുമ്പോള്‍ ഒരു കാമുകന്‍ വേലിക്കിടയിലൂടെ നടപ്പാതയിലേക്കു കടന്നു തന്റെ കാമുകിയേയും വിളിക്കുന്നു. പര്‍ദ്ദയണിഞ്ഞ അവള്‍ നാണത്തോടെയും വിഷമത്തോടെയും കഴിയില്ലെന്നു പറയുന്നു. ഒരു വേലിക്കപ്പുറവുമിപ്പുറവും അവര്‍ കൈകോര്‍ത്തു നടന്നു.
മിഠായിത്തെരുവിലെ കലന്തന്‍സ് കൂള്‍ബാറിലേക്ക് ഷൈയ്‌ക്കു കുടിക്കാന്‍ ക്ഷണിക്കുന്ന ജീവനക്കാരന്‍. തെരുവില്‍ പുസ്‌തകം വില്‍ക്കുന്നയാളുടെ പരിചയഭാവം, വിദേശമദ്യക്കടയ്‌ക്കു മുന്നിലെ തിരക്ക്... ഓഫീസിലെത്തി ഹാജര്‍ വെച്ചു. എഴുതിയ അഭിമുഖത്തില്‍ കുറച്ചു തിരുത്തലുകള്‍ വരുത്തി അയച്ചു കൊടുത്തു. വാര്‍ത്തകളുടെ ലോകത്തേയ്‌ക്ക്, പോള്‍ മുത്തൂറ്റും എസ് കത്തിയും!
നല്ല വായന അനുഭവിക്കുന്നു. (അതുപക്ഷേ എഴുത്തുകാരിക്കു കൊടുക്കാൻ തയ്യാറല്ല. വായനാസുഖം എഴുത്തുകാർക്ക് അവകാശപ്പെട്ടതല്ല. അത് വായനക്കാരുടെ മാത്രം സ്വന്തമാണ്. ഇനിയും കൂടുതൽ നന്നായി എഴുതിയാൽ അവകാശക്കൈമാറ്റത്തെക്കുറിച്ച് ആലോചിക്കാം).
ReplyDeleteതിരക്കനുഭവിക്കുന്നതും ഇങ്ങനെയാണ്!
ReplyDeleteനല്ല എഴുത്ത്
ആശംസകള്‍
രസായി വായിച്ചു.
ReplyDeleteസമയം.... ഒന്നിനും തികയാതെ വരുന്ന സമയം
ReplyDeleteതിരക്കുകള് കൊണ്ടൊരു പോസ്റ്റ്, നല്ലെഴുത്ത്....
ReplyDeleteനന്നായി ബോധിച്ചു .,,, ഞാനും ഇത് പോലെ ഒരെണ്ണം എഴുതിയിരുന്നു ,,.. പക്ഷേ ഇതിന്റെ അടുത്തെങ്ങും വെക്കാൻ പറ്റൂല ...
ReplyDeletehttp://njaanumenteorublogum.blogspot.in/2012/11/blog-post_22.html?m=0
സമയമില്ലായ്മ ഒരു വലിയ സാമൂഹിക പ്രശ്‌നമായികൊണ്ടിരിക്കുകയാണെന്നു തോന്നുന്നു. ആര്‍ക്കുമില്ല സമയം.
ReplyDeleteആശംസകൾ ......!
ReplyDeleteസമയം കണ്ടെത്തുക . ആശംസകൾ
ReplyDelete24 മണിക്കൂര്‍ പോരാ
ReplyDeleteതിരക്കിട്ട എഴുത്തും ജീവിതവും ! എന്റെ ആശംസകൾ... :)
ReplyDelete