10.9.12

ഇമ്പള കോയിക്കോട്




സല്ക്കാരത്തിനും സ്നേഹത്തിനും പേര് കേട്ട കോഴിക്കോടിനോട് ഞാന്‍ വിട പറഞ്ഞിട്ട് അരക്കൊല്ലത്തില്‍ അധികം ആയിരിക്കുന്നു. "ഇമ്പളെ നാട്ടില്ക്കൊന്നും വരവില്ലേ?" എന്ന ഒരു കോഴിക്കോടന്‍ സുഹൃത്തിന്റെ സ്നേഹപൂര്‍ണ്ണമായ അന്വേഷണമാണ് എന്റെ ചിന്തകളെ വീണ്ടും ബിരിയാണിയുടെയും ഹലുവയുടെയും നാട്ടിലേക്കു എത്തിച്ചത്. ഒരു വര്‍ഷം സ്വന്തം നാട്ടുകാരിയെ പോലെ ലാളിച്ച ആ സ്നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്.

ബാല്യത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ നഗരം ആയിരുന്നു കോഴിക്കോട്.ചെറുപ്പത്തില്‍ അമ്മയുടെ നാടായ കണ്ണൂര്‍ക്ക് ഉള്ള യാത്രകളില്‍ ഈ പട്ടണം എന്നെ അത്ഭുതപെടുത്തി. പിന്നെ ജോലിയായി അതെ നഗരത്തിന്റെ സ്പന്ദനം അറിയാന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കൃതാര്‍ഥയായി . 


നാട്ടുകാരുടെ "കോയിക്കോട്‌" വന്‍നഗരം ആയി വികസിക്കുമ്പോഴും തലമുറകള്‍ കൈമാറി വന്ന ആതിഥ്യമര്യാദയുടെ പാഠങ്ങള്‍ അവര്‍ ഇന്നും അതേപടി പാലിച്ചു പോരുന്നു. ഏയ്‌ ഓട്ടോയും കോഴിക്കോട് ചിത്രീകരിച്ച മറ്റു സിനിമകളും കെട്ടുകഥകള്‍ അല്ലെന്നും എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു.

പലപ്പോഴും നഗരം വലുതാകുന്നത് പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്താണെങ്കിലും കോഴിക്കോടിന്റെ യഥാര്‍ത്ഥ സംസ്കാരം പാളയം മാര്‍ക്കറ്റിലും "മുട്ടായി" തെരുവിലും ആണ്. മാനാഞ്ചിറക്ക് ചുറ്റുമാണ് ആ നഗരവും സംസ്കാരവും നിലകൊള്ളുന്നത്. പാളയം മാര്‍ക്കറ്റിലെ തട്ടുകടയിലെ ചൂടു ദോശയുടെയും ഈ അടുത്ത് കത്തി കരിഞ്ഞു പോയ ഭാരത്‌ ഹോട്ടലിലെ "കടി"കളുടെയും മിഠായി തെരുവിലെ ഹല്‍വയും ചിപ്സിന്റെയും സ്വാദ് ഇന്നും നാവില്‍ തങ്ങി നില്‍ക്കുന്നു.



കട്ടന്‍ ചായയോടും സുലൈമാനിയോടും എനിക്ക് പ്രണയം തുടങ്ങിയത് പാളയത്തെ കൊച്ചു "ചായപീടിക"കളില്‍ നിന്നാണ്. നാടന്‍ ഭക്ഷണങ്ങള്‍ക്ക്‌ പുറമേ "കുത്തക"കമ്പനികളായ ഡോമിനോസിലെ പിസയും കോഴിക്കോടിന്റെ മാത്രം "ഐസ് ഉരച്ചതും" കലന്തന്‍സിലെ ഷെയ്ക്കും എല്ലാം രുചിച്ചു നോക്കാന്‍ ഭാഗ്യമുണ്ടായി. 

എന്ത് കൊണ്ട് ഇവള്‍ ഭക്ഷണത്തെ കുറിച്ച് മാത്രം പറയുന്നു എന്ന് നിങ്ങള്‍ ചിന്തിക്കും എന്ന് എനിക്കറിയാം... പക്ഷെ കോഴിക്കോടിനെ കുറിച്ച് പറയുന്ന എല്ലാവരും അവിടുത്തെ ഭക്ഷണത്തെ കുറിച്ചാണ് വാതോരാതെ ആദ്യം സംസാരിക്കുക. അത്രയ്ക്ക് പ്രത്യേകമാണ് അവിടുത്തെ ഭക്ഷണവിശേഷം.

കോഴിക്കോടിലെ മറ്റൊരു പ്രത്യേകതയാണ് അവിടുത്തെ ബീച്ച്. "കടല്‍ക്കര" എന്നൊക്കെ മലയാളീകരിച്ചു പറയാമെങ്കിലും ബീച്ചിനാണ്‌ അധികം ഭംഗി. പലപ്പോഴും ജോലിക്കിടയിലെ മടുപ്പ് മാറ്റാന്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ എല്ലാവരും കൂടെ കടല്‍ക്കരയില്‍ നടക്കുന്നതും സ്വല്പം വായ്നോക്കുന്നതും പതിവായിരുന്നു. ഇടയ്ക്കു ഏതെങ്കിലും ഒരു കോണില്‍ റാഫി സാബിന്റെ പാട്ടുകള്‍ ഉയരുന്നത് കേള്‍ക്കാം. 

റാഫി എന്ന ഗായകന്‍റെ മധുരമായ ഗാനങ്ങള്‍ എന്നും ഈ നാട്ടുകാര്‍ക്ക്‌ ഒരു ഹരമാണ്. നറുനിലാവും തണുത്തകടല്‍ക്കാറ്റും സംഗീതവും മനോഹരമായ ഒരു അനുഭൂതി ജനിപ്പിക്കും.അവസാന ബസ്‌ പോയില്ലെന്നു ഉറപ്പാക്കി ഇടയ്ക്കു ഞങ്ങളും ആ  സംഗീതസന്ദ്യയുടെ ആസ്വാദകവൃന്ദത്തിന്റെ കൂടെ കൂടാറുണ്ട്.



കോഴിക്കോടിന്റെ റോഡുകളില്‍ ഇപ്പോഴും പച്ച നിറമണിഞ്ഞ സിറ്റിബസ്സുകള്‍ പായുന്നുണ്ടാകും, ലോകത്ത് ഇത്രയും ആത്മാര്‍ത്ഥതയുള്ള ഓട്ടോക്കാരുണ്ടോ എന്ന് ഏതെങ്കിലും മറുനാട്ടുകാര്‍ യാത്രാവസാനം അത്ഭുതപ്പെടുന്നുണ്ടാകും എസ് എം സ്ട്രീറ്റ് ആയി മാറിയ മിഠായി തെരുവില്‍ ചങ്കുപ്പൊട്ടുമാറുച്ചത്തില്‍ കച്ചവടക്കാര്‍ ആളുകളെ വിളിക്കുന്നുണ്ടാകും മറ്റൊരിടത്തില്‍ ഐ ടി പ്രൊഫെഷനലുകള്‍ ജീവിക്കുവാന്‍ വേണ്ടി പെടാപാട് പെടുന്നുണ്ടാകും... അപ്പോഴും ഇമചിമ്മാത്ത വിളക്കുകളുടെ നടുവില്‍ നിശ്ചലയായി, കാലത്തിന്റെയും മാറ്റങ്ങളുടെയും സാക്ഷിയായി മാനാഞ്ചിറ പുഞ്ചിരി തൂവുന്നുണ്ടാകും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ് ബുക്ക്‌ 

44 comments:

  1. നുമ്മ കൊയിക്കോട്ടു ബന്നിനി പക്കേങ്കി തമയിക്കാന്‍ പറ്റീല്ല. കുള്ളട്ടാ, ഒരീഷം നുമ്മ വരാം.

    ReplyDelete
    Replies
    1. ബരീന്‍...എപ്പോ മേണേലും ഇങ്ങക്ക് ബരാം

      Delete
  2. kalakki roopa! Aa photosnte aavshyam undaayrnnilla.. Athilum bangiyulla pics roopa thanne varachu kaanichu!

    ReplyDelete
    Replies
    1. നന്ദി മലബാറി.. പക്ഷെ ചിത്രങ്ങള്‍ കണ്ണിനു വര്‍ണ്ണം നല്‍കുമല്ലോ!

      Delete
  3. കോഴിക്കോടിനെ ചുറ്റിപ്പറ്റി എനിക്കും കുറേ സുന്ദരമായ ഓര്‍മ്മകള്‍ ഉണ്ട്..
    രണ്ട് മെയിലുകള്‍ക്കിടയിലെ ഓട്ടമായിരുന്നു എന്‍റെ കോഴിക്കോട് അനുഭവങ്ങള്‍..
    കാലത്തെ മദ്രാസ് മെയില്‍ വന്ന് കോഴിക്കോടിറങ്ങും..
    വൈകീട്ടത്തെ മെയിലില്‍ തിരിച്ച് പോക്കും..
    പഴയ സാഗറിലെ കോയി ബിരിയാണി..
    അരയിടത്ത് പാലത്തിനടുത്ത് ഒരു വീട്ടില്‍ കിട്ടണ ഉച്ചയൂണ്..
    രുചിയിലെ പ്യുര്‍ വെജ് ഊണ്..
    മുട്ടായി തെരുവിലെ ബഹളങ്ങള്‍..
    കോഴിക്കോടിന്‍റെ സ്വന്തം ഹലുവ..
    പിന്നെ കോഴിക്കോടിന്‍റെ സ്വന്തം മെഹ്ഫിലുകള്‍ .. ഗായകനോടൊപ്പം പാടുന്ന നൂറ് കണക്കിന് കാണികള്‍.. ഇത്രമാത്രം ഭ്രാന്തമായ ഗസല്‍ ആരാധകരെ ഞാന്‍ വേറേ എങ്ങും കണ്ടിട്ടില്ല.!!
    ആദ്യമായി ഞാന്‍ മീന്‍ കറി കൂട്ടി പൊറോട്ട കഴിച്ചതും കോയിക്കോട്ട് ന്നാ....

    നല്ല ഓര്‍മ്മകള്‍ രൂപാ..

    ReplyDelete
    Replies
    1. കേരളത്തില്‍ ഒരു പക്ഷെ ആളുകള്‍ ഏറ്റവും അധികം ആളുകള്‍ വികാരവിവശരായി സംസാരിക്കുന്നത് കോഴിക്കോടിനെ കുറിച്ചാകും അല്ലെ സമീരന്‍ !

      Delete
  4. നല്ല പോസ്റ്റ്‌..ഞാന്‍ ഒരു പതിനഞ്ചു വര്ഷം പിന്നോട്ട് പോയി..

    ഒരാഴ്ചയേ അന്ന് കോഴിക്കോട്ടു താമസിക്കാന്‍ പറ്റിയുള്ളൂ..എങ്കിലും അന്ന് ഭക്ഷണം കഴിച്ചപ്പോള്‍ ഒക്കെ ആസ്വദിച്ചു തന്നെ കഴിച്ചു എന്ന് പറഞ്ഞെ പറ്റു. കാലത്തെ മീന്‍കറി കണ്ടപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും, ആ മീന്‍കറിക്കുമുണ്ടായിരുന്നു ഒരു പ്രതേക സ്വാദ്...

    തിരിയെ പോന്നപ്പോള്‍ വാങ്ങിയ അലുവയുടെ ആ രുചി കോഴിക്കോടിനു മാത്രം സ്വന്തം !

    ReplyDelete
    Replies
    1. പലപ്പോഴും ഭക്ഷണത്തിന് മലബാറിന്റെ രുചി വൈവിധ്യം വേറെ എവിടെയും കാണാറില്ല. നന്ദി ഈ വാക്കുകള്‍ക്ക്!

      Delete
  5. കോഴിക്കോട്ടിൽ ചെന്നാൽ മാനഞ്ചിറ ഓർമവരും, എന്തോ അതിനു ചുറ്റും ഒരു സംസ്കാരമുണ്ട് കോഴിക്കോടിന്റെ സംസ്കാരം, നടന്നുപോകുന്നവരും, അവിടെ ആ വെള്ളത്തിലേക്ക് നോക്കി നിൽക്കുന്നവരും, അവിടെ ചെല്ലുമ്പോൾ ... എന്തോ പോയകാല ഓർമകൾ തിരമാലകളാകും...........

    നല്ല പോസ്റ്റ്

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്!!!

      Delete
  6. രഹ്മത്തിലെ ബിബി യും പരഗന്‍ ഹോട്ടല്‍ നു മുന്നിലെ പേരില്ലാത്ത കടയില്‍ നിന്ന് മില്‍ക്സര്‍ബതും പിള്ള സ്നാക്സിലെ ചമ്മന്തിയും കൂടെ കഴിക്കാന്‍ വീണ്ടും മ്മളെ കൊയിക്കൊട്ടെക്ക് ബരീന്ന്‍...,......
    ഭക്ഷണത്തോടൊപ്പം പ്രസിദ്ധമായ കൊയിക്കൊടിന്റെ ആതിഥ്യമര്യാദ......
    നിങ്ങള്‍ ഏതു നാട്ടുകാരന്‍ ആയാലും കോയിക്കോട് നിങ്ങളെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യും നിറഞ്ഞ മനസ്സോടെ....
    പിന്നെ കൊയിക്കോട്ന്റെ സാംസ്കാരിക കലാ വൈവിധ്യം..... കൊയിക്കൊടിന്റെ കാറ്റേറ്റല്‍ പാടാത്ത കവികളില്ല കഥ പറയാത്ത കഥകരന്മാര്‍ ഇല്ല.....
    കോയിക്കോട് ഒരു സംഭാവട്ടാ.....

    ചേച്ചി [ഫോട്ടോസ് എല്ലാം കലക്കി.....

    ReplyDelete
    Replies
    1. നന്ദി അഖില്‍ ...

      "നിങ്ങള്‍ ഏതു നാട്ടുകാരന്‍ ആയാലും കോയിക്കോട് നിങ്ങളെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യും നിറഞ്ഞ മനസ്സോടെ.... "- എന്നെയും സ്വാഗതം ചെയ്തു, നിറഞ്ഞ മനസ്സോടെ!!!

      Delete
  7. കോഴിക്കോടിനെ കുറിച്ച് പറയുമ്പോള്‍ ഭക്ഷണം തന്നെ ആദ്യം നാവിന്‍ തുമ്പില്‍ വരിക...അത് സത്യം....
    ഇത്തവണ വെക്കേഷന്‍ പോയപ്പോള്‍ "പരഗന്‍" ഹോട്ടലില്‍ നിന്നും അനേകം തവണ കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിന്‍ തുംബിലുണ്ട്...

    ReplyDelete
    Replies
    1. നന്ദി ഐക്കരപ്പടിയന്‍

      Delete
  8. ഇങ്ങളെ കോയിക്കോടന്‍ പെരുമ ഞമ്മക്ക്‌ പെരുത്തിഷ്ടായി

    ReplyDelete
    Replies
    1. ഇങ്ങടെ ഈ ബര്‍ത്താനം കേട്ടപ്പോ ഞമ്മക്കും സന്തോസായി...!

      Delete
  9. ഈ കോഴിക്കോട്ടുകാരെല്ലാം ഭക്ഷണക്കൊതിയമ്മാരാണല്ലേ..അലുവ..ബിരിയാണി..പത്തിരി..എറച്ചി...ബാക്കിയുള്ളവനെ കൊതിപ്പിക്കാനായിട്ട്..ഇസ്റ്റായി ചങ്ങായീ...ഇസ്റ്റായി..

    ReplyDelete
    Replies
    1. നന്ദി ശ്രീകുട്ടന്‍ ! എന്ത് ചെയ്യാനാ കോയിക്കൊട്ടുക്കാര്‍ക്ക് ഇതേ ചിന്ത ഉള്ളു

      Delete
  10. കോയിക്കോട് ഞാനും വന്നിരുന്നു.... എനിക്ക് പെരുത്ത ഇഷ്ടമായി... സ്ഥലങ്ങളെകാള്‍ കൂടുതല്‍ സല്കാരം പിടിച്ചു എനിക്ക്

    ReplyDelete
    Replies
    1. കോയികൊടിനു മറ്റൊരു ആരാധകന്‍ കൂടി..നന്ദി ഈ വാക്കുകള്‍ക്ക്

      Delete
  11. വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മകളിലേക്ക്‌ ഞാനും നടന്നു പോയി...
    കോഴിക്കോട്‌ ഇഷ്ട നഗരമാണ്‌ എനിക്കും.
    നന്നായി എഴുതി.

    ReplyDelete
  12. നേരത്തെ വായിച്ചിരുന്നു. മലയാളം ഇല്ലാഞ്ഞിട്ടു അഭിപ്രായം പറഞ്ഞില്ല.
    ന്‍റെ നാടല്ലെ . ഇഷ്ടായി കുറിപ്പ്. രാവും പകലും എന്‍റെ ഗ്രിഹാതുര ചിന്തകളില്‍ നിറയുന്ന ന്‍റെ സ്വന്തം കോഴിക്കോട്.
    ഞാനും ഒരു കോഴിക്കോടന്‍ വിശേഷത്തിന്‍റെ പണിപ്പുരയില്‍ ആണ്. :)

    ReplyDelete
    Replies
    1. ഉടന്‍ പ്രതീക്ഷിക്കുന്നു ആ കോഴികോടന്‍ വിശേഷങ്ങള്‍

      Delete
  13. ഈ കോഴിക്കോടന്‍ വിശേഷങ്ങളും രുചികളും ശരിക്കും ആസ്വദിച്ചു !!

    ശരിക്ക് കോഴിക്കോടിനെ ഒന്ന് അടുത്തറിയാന്‍ എനിക്ക് അവസരം കിട്ടിയിട്ടില്ല എന്നതും ഈ വേളയില്‍ വേദനയായി അവശേഷിക്കുന്നു

    ആശംസകള്‍

    ReplyDelete
    Replies
    1. കോഴിക്കോട് എന്ന നാടിനെ ഒരിക്കലെങ്കിലും അടുത്തറിഞ്ഞിലെങ്കില്‍ മലയാളി എന്ന നിലയില്‍ ഒരു വലിയ നഷ്ടമാണ്.

      Delete
  14. കൊള്ളാം ട്ടാ.. ഇമ്പള നാട് നല്ല രസാ ട്ടാ... അയിറ്റാചൂട്ടെന്ന്യാ മ്പട കോയിക്കോടൻ പലഹാരങ്ങളും...
    പിന്നെ ഇമ്പളെ മാനാഞ്ചിറ മൈതാനത്തിന്റെ മുൻപിൽതെ ആ പീരങ്കീം കൊള്ളാം ല്ലേ...

    പയ്യോളീം അത്തോളീം ഒക്കെ ഇമ്പള നാടിന്റെ ഒരയകന്ന്യേ...


    നന്നായി എഴുതി ആശംസകള്....

    ReplyDelete
    Replies
    1. നന്ദി രൈനി ഡ്രീംസ്‌

      Delete
  15. കണ്ണൂരുകാരനാണേങ്കിലും, കോയിക്കോറ്റ് നമ്മക്കും പെരുത്തിഷ്ടാ..

    ReplyDelete
    Replies
    1. ഉയ്യ്‌...നിങ്ങള നാടും അനക്ക് ഭയങ്കര ഇഷ്ടാണ് സുമേഷ്

      Delete
  16. ഇനീപ്പോ കോയിക്കോട് കണ്ടിട്ട് തന്നെ കാര്യം... കാണാന്‍ തോന്നുന്നുണ്ട്. നല്ല സ്നേഹം നാടിനോട് , നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി ശ്രീ...ബെക്കം പോയ്ക്കൊളീന്‍

      Delete
  17. എനിക്ക് പോകാന്‍ മോഹമുള്ള നാടുകളില്‍ ഒന്നാണ് കോഴിക്കോട് .ഒരിക്കല്‍ വയനാട് യാത്രക്കിടയില്‍ ഭക്ഷണം കഴിച്ചിടുണ്ട് അവിടെ നിന്നും.അല്ലാതെ തങ്ങാന്‍ ഉള്ള ഭാഗ്യമുണ്ടായിടില്ല .എനിക്കേറെ പ്രിയമുള്ള നഗരം പക്ഷെ എന്റെ തൃശൂര്‍ തന്നെയാണ് .

    ReplyDelete
    Replies
    1. ആ നഗരത്തെ ഒരിക്കല്‍ അടുത്തറിയാന്‍ അനാമികക്ക് ഭാഗ്യം ഉണ്ടാവട്ടെ

      Delete
  18. എന്റെ ഏറ്റവും പ്രിയപ്പെട്ട നഗരം.. ബീച്ചിലൂടെ ഞങ്ങള്‍ അഞ്ചു പേരും നടന്ന വഴികള്‍ പ്രിയപ്പെട്ട പാരഗണിലെയും സാഗറിലെയും ബിരിയാണികള്‍ .. ഗസല്‍ പാടിപ്പാടി അലഞ്ഞോരാ രാത്രികള്‍ .. മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളുമായി ഇഴ ചേര്‍ന്ന് കിടക്കുന്ന മാനാഞ്ചിറ.. ആത്മാവുള്ള നഗരം .. ഇനിയുമുണ്ട് ഈ നഗരത്തെ കുറിച്ച് എനിക്കൊരുപാട് പറയാന്‍ .. നന്ദി..

    ReplyDelete
    Replies
    1. ഈ ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി നിസാരന്‍

      Delete
  19. കുറെ കേട്ടിരിക്കുന്നു കോഴിക്കോടിനെ കുറിച്ച്. സാംസ്കാരിക നായകന്മാര്‍, സമൂഹത്തിലെ ഉന്നതരെല്ലാം സ്ഥിര താമസം ആക്കുവാന്‍ ആ നാടിന്റെ തനിമ തന്നെയാണ് കാരണമെന്ന് കേട്ടിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്ക് നന്ദി ജെഫു!!!

      Delete
  20. ചുരുക്കി പറഞ്ഞാല്‍ അന്റ്റെ പോസ്റ്റ്‌ ഇക്കി പെരുതിസ്ട്ടായ്‌..

    ReplyDelete
  21. thu njammakku perithishttayi... autolu beechu poyi kalummakaya poricha thinathu orma varunu... athu kittuna sthalam evidanu thappi pidichu avide ethicha autokarante athmarthathyum....

    ReplyDelete
  22. കൊയിക്കൊടിനെ കുറിച്ചുള്ള രൂപയുടെ അറിവുകള്‍ നന്നായിട്ടുണ്ട് ....എന്റെ കൊയിക്കൊടിലെ ജോലി ഇടവേളകളില്‍ പാളയം സബ് വേക്കട്തുള്ള ഇമ്പീരിഅല്‌ ഹോടേലും ഓര്‍മയില്‍ ബന്നു അവിടെ മിക്കവാറും കൊയിക്കൊടിന്റെ സിനിമ നടന്‍ മാമുക്കോയ ഉണ്ടാകും ...................ഓര്‍മകള്‍ക്ക് നിറം ചര്‌തിയതിനു.....എന്റെ ദിനാറിന് ....സോറി രൂപയ്ക്ക് താങ്ക്സ് .

    ReplyDelete